ബാലു ബോധമില്ലാതെ കിടന്നപ്പോൾ വിരലടയാളം എടുത്തു; ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തിൽ സംശയമെന്ന് പിതാവ്

വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ ഇടപെടലുകളിൽ കൂടുതൽ സംശയം ഉന്നയിച്ച് പിതാവ് കെ സി ഉണ്ണി. ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നതായി ഉണ്ണി പറഞ്ഞു. തന്നെ ഒഴിവാക്കി ചില കള്ളക്കളികൾ നടന്നതായി ഉണ്ണി പറഞ്ഞു. ട്വന്റിഫോറിനോടാണ് ഉണ്ണിയുടെ വെളിപ്പെടുത്തൽ.
ബാങ്ക് വിത്ത്‌ഡ്രോയൽ ഫോമിലും, ചെക്കിലുമൊക്കെ വിരലടയാളം എടുത്തു. ബാലു ബോധമില്ലാതെ കിടക്കുമ്പോൾ ഇങ്ങനെ ചെയ്തത് സംശയമുളവാക്കി. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് തന്നെ വിവരം അറിയിച്ചതെന്നും ഏത് ആശുപത്രിയിൽ എത്തിക്കണമെന്നു പോലും ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഓടിയെത്തുമ്പോഴേക്കും അനന്തപുരി ആശുപത്രിയിൽ മെഡിക്കൽ പ്രൊസീജ്യർ തുടങ്ങിയിരുന്നു. ബാലുവിനെ മെഡിക്കൽ കോളെജിൽ ചികിത്സിപ്പിക്കുന്നതിനോടായിരുന്നു തങ്ങൾക്ക് താൽപര്യം. അനന്തപുരി ആശുപത്രിയിൽ പ്രകാശ് തമ്പിക്ക് അടുത്ത ബന്ധങ്ങളുണ്ടെന്നും ഉണ്ണി പറഞ്ഞു. കേസിൽ നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അവരുടെ കണ്ടെത്തലുകൾ അറിഞ്ഞ ശേഷമേ സിബിഐ കാര്യത്തിൽ അഭിപ്രായം പറയുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read more: ബാലഭാസ്‌ക്കറിന്റെ ഫോൺ പ്രകാശ് തമ്പിയുടെ കൈവശം; കാണാതായെന്ന് പറയുന്നത് കള്ളമെന്ന് അച്ഛൻ കെ സി ഉണ്ണി
പ്രകാശ് തമ്പിക്കെതിരെ കഴിഞ്ഞ ദിവസം ബാലഭാസ്‌ക്കറിന്റെ അച്ഛൻ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ബാലഭാസ്‌ക്കറുടെ ഫോൺ പ്രകാശ് തമ്പിയുടെ കൈവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രകാശ് തമ്പിയും വിഷ്ണുവുമാണ് ബാലഭാസ്‌ക്കറിന്റെ കാര്യങ്ങൾ ഏറെ കുറേ നിയന്ത്രിച്ചിരുന്നതെന്നും ഉണ്ണി പറഞ്ഞിരുന്നു. ബാലു മരിച്ച ശേഷം നിരവധി തവണ പ്രകാശ് തമ്പി ലക്ഷ്മിയുടെ വീട്ടിൽ പോയിട്ടുണ്ട്. ലക്ഷ്മിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും മറ്റും തമ്പിയാണ്. ബാലുവിന്റെ ബെൻസ് കാർ തമ്പിയുടെ കൈവശമാണെന്നും സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശേഷമാണ് ലക്ഷ്മിയും വീട്ടുകാരും അയാളെ തള്ളിപ്പറഞ്ഞതെന്നും ഉണ്ണി ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ തുറന്നു പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here