Advertisement

എറണാകുളം-അങ്കമാലി അതിരൂപതയുടെ എതിര്‍പ്പ്; കെസിബിസി പുറത്തിറക്കിയ സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കില്ല

June 6, 2019
1 minute Read

കെസിബിസി പുറത്തിറക്കിയ സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഭൂമി കച്ചവട വിവാദത്തില്‍ അന്വേഷണകമ്മീഷന്‍ വത്തിക്കാന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്താണെന്ന് അറിയില്ലെന്ന് കെസിബിസി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചുള്ള സര്‍ക്കുലര്‍ കെ സി ബിസി പുറത്തിറക്കിയതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കെ സി ബി സി നിലപാട് മാറ്റിയത്. ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കുലറിലെ പരാമര്‍ശം.

കെസിബിസി സമ്മേളനം സമാപിച്ചതിന് പിന്നാലെ പുറത്തിറക്കിയ സര്‍ക്കുലറിലെ പരാമര്‍ശങ്ങളാണ് കത്തോലിക്കാ സഭയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. കത്തോലിക്കാ സഭയിലെ എല്ലാ റീത്തിലെയും പള്ളികളില്‍ വായിക്കാന്‍ നിര്‍ദേശിച്ചായിരുന്നു കെസിബിസി സര്‍ക്കുലര്‍ ഇറക്കിയത്. സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന പരാമര്‍ശവും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതോടെ എറണാകുളം അങ്കമാലി അതിരൂപത എതിര്‍പ്പറിയിച്ച് രംഗത്തുവന്നു. പത്രക്കുറിപ്പ് സര്‍ക്കുലറായി രൂപം മാറിയെന്ന വിമര്‍ശനം അതിരൂപത ഉന്നയിച്ചു. ഭൂമി കച്ചവടത്തിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വത്തിക്കാന്റെ പരിഗണനയിലിരിക്കെ പ്രശ്‌ന പരിഹാരമായെന്ന സര്‍ക്കുലറിലെ പരാമര്‍ശത്തിലും അതിരൂപത വിമര്‍ശനമുയര്‍ത്തി.

ഇതോടെയാണ് നിലപാട് തിരുത്തി കെസിബിസി വക്താവ് വിശദീകരണക്കുറിപ്പറക്കിയത്. സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. ഫലത്തില്‍ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കുലര്‍ പിന്‍വലിച്ച സ്ഥിതി വന്നു. പത്രക്കുറിപ്പ് മതിയെന്ന കെസിബിസി തീരുമാനത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണമാണ് എറണാകുളം- അങ്കമാലി അതിരൂപത ഉയര്‍ത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top