‘പ്രതികളെ തൂക്കിലേറ്റണം’; അലിഗഢിൽ കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ

ഉത്തർപ്രദേശിലെ അലിഗഢിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഉയരുമ്പോൾ പ്രതികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശിൽപ്പ ഇക്കാര്യം ആവശ്യപ്പെട്ടു. തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേയാണ് അമ്മ ഇക്കാര്യം പറഞ്ഞത്.
മകളെ കാണാതായത് മെയ് 30ന് ബന്ധുവിന്റെ വീട്ടിൽനിന്നാണ്. ഇവിടെയെല്ലാം തങ്ങൾ തിരഞ്ഞു. പക്ഷേ അവളെ കണ്ടെത്താനായില്ല. പിന്നെ മെയ് രണ്ടിനാണ് അവളെക്കുറിച്ചു തങ്ങൾ അറിയുന്നത്. തൂപ്പുകാരാണു തങ്ങൾക്കു വിവരം നൽകിയത്. പിന്നീട് അത് അവൾ തന്നെയാണെന്നു ഉറപ്പിക്കുകയായിരുന്നു. തങ്ങൾ അവളുടെ മൃതദേഹം കാണുമ്പോൾ അതിൽ ഒരു കൈയില്ലായിരുന്നു. അവളുടെ കണ്ണുകൾ ആസിഡൊഴിച്ച് കത്തിച്ചിരുന്നു. കാലുകൾ ഒടിഞ്ഞിരുന്നു. എന്തിനാണ് അവർ അവളോടിതു ചെയ്തതെന്ന് അറിയില്ല. പ്രതിയുടെ കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും തങ്ങൾക്ക് നീതി വേണമെന്നും അമ്മ പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. കൊച്ചു കുട്ടിയുടെ കൊലപാതകം അസ്വസ്ഥമാക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ജൂൺ രണ്ടിനാണ് രണ്ടര വയസുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലാകമാനം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here