തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; അന്വേഷണം കൂടുതൽ പേരിലേക്ക്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു. കമ്പനി ഡയറക്ടറും കൊടുവള്ളി സ്വദേശിയുമായ നിസാർ, ആലുവ സ്വദേശി സയ്യിദ്, വൈക്കം സ്വദേശി ജമാൽ എന്നിവരാണ് ഡിആർഐയുടെ ആന്വേഷണ പരിധിയിൽ ഉള്ളത്. പിപിഎം ചെയിൻസുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളെപ്പറ്റിയും ഡിആർഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് എത്തിയ സ്വർണ്ണം പിപിഎം ഗ്രൂപ്പ് തന്നെ കയറ്റിയയച്ചതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. കമ്പനി ഡയറക്ടറും കൊടുവള്ളി സ്വദേശിയുമായ നിസാർ ആണ് ഇതിൽ പ്രധാനി. സ്വർണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് ഡിആർഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. അടുപ്പക്കാൻ നിസു എന്ന് വിളിക്കുന്ന ഇയാൾ വഴി പിപിഎം ചെയിൻസ് തുടർച്ചയായി സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് അറസ്റ്റിലായ പ്രതികളും മൊഴി നൽകി. നേരത്തെ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ് പ്രതിയായ ഫയാസിനെ രക്ഷിക്കാനും ഇയാൾ കളത്തിലിറങ്ങിയിരുന്നു.
പിപിഎം ഗ്രൂപ്പിന് വേണ്ടി ഉദ്യോഗസ്ഥരെയും, രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്തിരുന്ന ജമാലിനെതിരെയും ഡിആർഐക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്വർണ്ണക്കടത്തിൽ നിസാറിന്റെ സഹായിയായ ആലുവ സ്വദേശി സയ്യിദിനെയും ഡിആർഐ തേടുന്നുണ്ട്. ആലുവയിൽ സ്വന്തമായി സ്വർണാഭരണ നിർമ്മാണശാല നടത്തുന്ന ഇയാൾക്കെതിരെയും അറസ്റ്റിലായവരിൽ നിന്നും മൊഴി ലഭിച്ചിരുന്നു. അതേസമയം പിപിഎം ചെയിൻസിന് കീഴിലുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയും ഡിആർഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here