ജാമ്യമെടുക്കാൻ അടിച്ച് പൂസായെത്തിയ ജാമ്യക്കാരൻ അകത്ത്; പ്രതിക്ക് ജാമ്യം

ജാമ്യം നിൽക്കാൻ മദ്യപിച്ച് കോടതിയിലെത്തിയ ആൾ അകത്ത്. പ്രതിക്ക് ജാമ്യം അനുവദിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ജാമ്യക്കാരനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
ചെങ്ങന്നൂർ സ്വദേശി ബിജു ചെല്ലപ്പൻ (44) ആണ് റിമാൻഡിലായത്. സുഹൃത്ത് ശ്രീകാന്തിനൊപ്പം കോടതിയിലെത്തിയ ഇയാൾ ചെക്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നിൽക്കാനാണ് എത്തിയത്. ഇരുവരുടെയും ഉറപ്പിന്മേൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
തുടർനടപടികൾക്കിടെ ബിജു മദ്യലഹരിയിലാണെന്ന് കോടതിക്ക് സംശയമായി. ഇതോടെ പൊലീസിനെ വരുത്തി വൈദ്യ പരിശോധന നടത്തി. മദ്യപിച്ചെന്ന് ബോധ്യമായതോടെ സ്വയം കേസെടുത്ത് മജിസ്ട്രേറ്റ് കെ.എസ്.ബവീന നാഥ് ബിജുവിനെ റിമാൻഡ് ചെയ്യുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here