ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്

രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ നരേന്ദ്ര മോദി ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 18 മിനിറ്റോളം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ച നരേന്ദ്ര മോദി താമരമൊട്ടുകള്‍ കൊണ്ടു തുലാഭാരവും നടത്തിയ ശേഷമാണ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്.
മുന്നേ നിശ്ചയിച്ചതില്‍ നിന്ന് 10 മിനിട്ട് വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. കേരളീയ വേഷത്തിലെത്തിയ പ്രധാനമന്ത്രിയെ കിഴക്കേ ഗോപുരത്തിനു മുമ്പില്‍ ക്ഷേത്രം ഊരാളന് മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പൂര്‍ണ കുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നാലമ്പലത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി
ഗുരുവായൂരപ്പനെ തൊഴുത് വഴിപാടുകള്‍ പൂര്‍ത്തിയാക്കി.
91 കിലോ താമരമൊട്ടുകള്‍കൊണ്ടാണ് തുലാഭാരം നടത്തിയത്. സോപാനത്ത് കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നറുനെയ്യും മോദി സമര്‍പ്പിച്ചു. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കിയതിനു പിന്നാലെ ഗണപതിയെ തൊഴുത് വീണ്ടും കിഴക്കേ നട വഴി പുറത്തേക്ക് കടന്നു. ഒരു മണിക്കൂര്‍ നിശ്ചയിച്ച ദര്‍ശന സമയം 18 മിനുട്ടിലൊതുക്കി. ബാരിക്കേടിനു പുറത്തു തടിച്ചു കൂടിയ ആളുകളെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ദര്‍ശനത്തിന് പിന്നാലെ ശ്രീവല്‍സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ അദ്ദേഹം ഗൂരൂവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചുവെന്നുമുള്ള ട്വീറ്റ് മലയാളത്തിലാണ് മോദി കുറിച്ചത്.
കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, പീയുഷ് ഗോയല്‍, എച്ച് രാജ, ഗവര്‍ണര്‍ പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തിനെ അനുഗമിച്ചു. ഗസ്റ്റ് ഹൗസില്‍ ദേവസ്വം പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ അനുഭവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് പറഞ്ഞു.11.30 ഓടെ പ്രധാനമന്ത്രി പൊതുപരിപാടിക്കായി തിരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here