Advertisement

പാർലമെന്ററി പാർട്ടി ലീഡറെ കണ്ടെത്താൻ സമയം നീട്ടി നൽകണമെന്ന് ജോസ് കെ മാണി

June 9, 2019
0 minutes Read

കേരള കോൺഗ്രസിൽ പാർലമെന്ററി പാർട്ടി ലീഡറെ കണ്ടെത്താൻ സമയം നീട്ടിനൽകണമെന്ന ആവശ്യവുമായി ജോസ് കെ മാണി വിഭാഗം. ചെയർമാൻ തെരഞ്ഞെടുപ്പ് വൈകുന്ന സാഹചര്യത്തിലാണ് പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകുക. വിട്ടുവീഴ്ചയുടെ പ്രശ്‌നം ഉയരുന്നില്ലെന്നും, സംസ്ഥാന കമ്മറ്റി വിളിച്ച് ചെയർമാനെ കണ്ടെത്തണമെന്നും ജോസ് കെ മാണി ആവർത്തിച്ചു.

പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ചെയർമാൻ ആരെന്നോ ലീഡർ ആരെന്നോ തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്താൻ പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെടാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമുള്ള ചെയർമാന്റെ അധ്യക്ഷതയിലാണ് ലീഡറെ തീരുമാനിക്കേണ്ടതെന്നും ജോസ് കെ മാണി നിലപാട് കടുപ്പിച്ചു.

ജോസഫിനെ ലീഡർ ആക്കണമെന്ന മോൻസ് ജോസഫിന്റെ കത്തിനെതിരെ പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ സ്പീക്കറെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ജൂൺ 9നകം നേതാവാരെന്നറിയിക്കാൻ സ്പീക്കർ നിർദ്ദേശിച്ചത്. ഇതുവരെ യോജിപ്പിലെത്താൻ സാധിക്കാത്തതോടെയാണ് ജോസ് കെ മാണി വിഭാഗം വീണ്ടും കത്ത് നൽകുന്നത്. പി ജെ ജോസഫ് കഴിഞ്ഞ ദിവസം നിലപാട് മയപ്പെടുത്തി രംഗത്തെത്തിയതോടെ വീണ്ടും സമവായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി അധ്യക്ഷ പദവി വിട്ടുനൽകാൻ ഇരുവിഭാഗങ്ങളും തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ധാരണയിലെത്തിയാൽ മാത്രമേ സമമായ നീക്കം വിജയം കാണൂ. സാവകാശം ആവശ്യപ്പെട്ടുള്ള മാണി ഗ്രൂപ്പിന്റെ നീക്കത്തോട് പി ജെ ജോസഫ് വിഭാഗത്തിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top