അടിയോടടി; ഓസ്ട്രേലിയക്ക് കൂറ്റൻ വിജയ ലക്ഷ്യം

ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 117 റൺസുമായി ഉജ്ജ്വല സെഞ്ചുറി നേടിയ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വിരാട് കോഹ്‌ലി (82), രോഹിത് ശർമ്മ (57), ഹർദ്ദിക് പാണ്ഡ്യ (48) എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് അറ്റാക്കിനെ എതിരിട്ട അതേ രീതിയിലാണ് രോഹിത് ശർമ്മ തുടങ്ങിയത്. ടിപ്പിക്കൽ ഹിറ്റ്മാൻ ബാറ്റിംഗ് മാറ്റി നിർത്തി രോഹിത് ശ്രദ്ധാപൂർവ്വം ബാറ്റ് ചെയ്തു. എന്നാൽ മറുവശത്ത് ശിഖർ ധവാൻ ആക്രമണ ത്വര കാണിച്ചതോടെ സ്കോർ ഉയർന്നു. പാറ്റ് കമ്മിൻസിൻ്റെയും മിച്ചൽ സ്റ്റാർക്കിൻ്റെയും ഓപ്പണിംഗ് സ്പെൽ അതിജീവിച്ച ഓപ്പണർമാർ ആദ്യ ഏഴ് ഓവറിൽ 22 റൺസാണ്. എട്ടാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചിലൂടെ വന്ന നഥാൻ കോൾട്ടർ നൈലിനെ കടന്നാക്രമിച്ച ധവാൻ്റെ കൗണ്ടർ അറ്റാക്കിലൂടെ ആദ്യ പവർ പ്ലേയിൽ ഇന്ത്യ 41 റൺസ് കൂട്ടിച്ചേർത്തു.
തുടർന്ന് ഇരു ബാറ്റ്സ്മാന്മാരും ഗിയർ മാറ്റിയതോടെ ഓസീസ് തല്ലു കൊണ്ടു. പന്തെടുത്തവരെല്ലാം ഇരുവരുടെയും ബാറ്റിൻ്റെ ചൂടറിഞ്ഞു. ഇതിനിടെ 53 പന്തിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച ധവാൻ രോഹിതുമായി ചേർന്ന് ആദ്യ വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. തൊട്ടു പിന്നാലെ 65 പന്തുകളിൽ അർദ്ധ ശതകത്തിലെത്തിയ രോഹിത് ടൂർണമെൻ്റിലെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ചുറിയാണ് കുറിച്ചത്.
23ആം ഓവറിൽ നഥാൻ കോൾട്ടർനൈലിനു തിരിച്ചു വിളിച്ച ക്യാപ്റ്റൻ ഫിഞ്ചിനു തെറ്റിയില്ല. 57 റൺസെടുത്ത രോഹിതിൻ്റെ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ച കോൾട്ടർനൈൽ ഓസീസിന് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചു. ധവാനുമായി 127 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ശേഷമാണ് രോഹിത് മടങ്ങിയത്.
പിന്നാലെ ക്രീസിലെത്തിയ കോലിയും ഓസീസിനെ മികച്ച രീതിയിൽ നേരിട്ടു. രോഹിത് മടങ്ങിയിട്ടും ആക്രമണം തുടർന്ന ധവാൻ 95 പന്തുകളിൽ തൻ്റെ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ കോലിയുമായി 93 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ധവാൻ 37ആം ഓവറിലാണ് വീണത്. 109 പന്തുകളിൽ 117 റൺസെടുത്ത ധവാനെ മിച്ചൽ സ്റ്റാർക്ക് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി കളത്തിലിറങ്ങിയ നഥാൻ ലിയോണിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
നാലാം നമ്പരിലെത്തിയ ഹർദ്ദിക് പാണ്ഡ്യ തൻ്റെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പുറത്തെടുത്തതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ഒരു ബൗളറെയും വിടാതെ അടിച്ചു തകർത്ത പാണ്ഡ്യ അര സെഞ്ചുറിക്ക് രണ്ട് റൺസകലെ വീണു. 27 പന്തുകളിൽ 48 റൺസെടുത്ത പാണ്ഡ്യ കമ്മിൻസിൻ്റെ പന്തിൽ ഫിഞ്ച് പിടിച്ച് പുറത്താവുമ്പോൾ മൂന്നാം വിക്കറ്റിൽ കോലിയോടൊപ്പം 81 റൺസ് കൂട്ടിച്ചേർത്തിരുന്നു.
പിന്നാലെ ക്രീസിലെത്തിയ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി റൺ നിരക്ക് താഴാതെ ആക്രമണം തുടർന്നതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങി. മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്തായെങ്കിലും 14 പന്തുകൾ നേരിട്ട ധോണി 27 റൺസെടുത്തിരുന്നു. ധോണിയെ സ്റ്റോയിനിസ് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ രാഹുൽ ആദ്യ പന്തിൽ തന്നെ സിക്സർ നേടി. ഓവറിലെ അഞ്ചാം പന്തിൽ വിരാട് കോഹ്‌ലിയും പുറത്തായി. 77 പന്തുകളിൽ 82 റൺസെടുത്ത വിരാടിനെ സ്റ്റോയിനിസ് കമ്മിൻസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. അവസാന പന്തിൽ ബൗണ്ടറി നേടിയ കെഎൽ രാഹുൽ സ്കോർ 350 കടത്തുകയായിരുന്നു. 3 പന്തുകളിൽ 11 റൺസെടുത്ത രാഹുലും റണ്ണൊന്നുമെടുക്കാതെ കേദാർ ജാദവും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here