യുവിയെ ഇതിഹാസമെന്ന് സ്റ്റുവർട്ട് ബ്രോഡ്; ഏറ്റെടുത്ത് ആരാധകർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച യുവരാജ് സിംഗിന് ആശംസകളറിയിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. യുവിയെ ഇതിഹാസമെന്ന് സംബോധന ചെയ്താണ് ബ്രോഡ് തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ രംഗത്തു വന്നത്. ബ്രോഡിൻ്റെ ആശംസ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ നടന്ന 2007 ടി-20 ലോകകപ്പ് മത്സരത്തിനു ശേഷം യുവരാജുമായി ഹസ്തദാനം ചെയ്യുന്ന ചിത്രത്തിനൊപ്പമായിരുന്നു ബ്രോഡിൻ്റെ പോസ്റ്റ്. ‘വിരമിക്കൽ ജീവിതം ആഘോഷിക്കൂ ഇതിഹാസ താരമേ’ എന്നായിരുന്നു ബ്രോഡിൻ്റെ പോസ്റ്റ്. ആ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയ യുവരാജ് ലോക റെക്കോർഡ് ഇട്ടിരുന്നു. ആഓവറിലെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ മികവിൽ 12 പന്തുകളിൽ അർദ്ധസെഞ്ചുറി നേടിയ യുവി മറ്റൊരു റെക്കോർഡും സ്ഥാപിച്ചു.
താൻ കരിയറിലേറ്റവുമധികം റൺസ് വഴങ്ങി നാണം കെട്ട മത്സരത്തിൻ്റെ ചിത്രം തന്നെ പോസ്റ്റ് ചെയ്ത ബ്രോഡ് സ്പോർട്സ്മാൻ സ്പിരിറ്റിൻ്റെ ഉദാത്തമായ മാതൃകയാണെന്നാണ് ആരാധകർ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here