ആലപ്പുഴയിലെ തോൽവിയെപ്പറ്റി കെ.വി തോമസിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യുഡിഎഫിനുണ്ടായ പരാജയത്തെപ്പറ്റി കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. സമിതി അംഗങ്ങൾ നാളെ ആലപ്പുഴയിലെത്തുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ സംഘടനാ പരമായ വീഴ്ച്ച വന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. സമുദായപരമായ പിന്തുണ ലഭിക്കാത്തത് മാത്രമാണ് പരാജയ കാരണം എന്ന് കരുതുന്നില്ല.
Read Also; ‘ഷാനിമോൾ ഉസ്മാന്റെ തോൽവിയിൽ നേതാക്കൾ മറുപടി പറയണം’ : കെ സുധാകരൻ
ദേശീയതലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് എ.കെ ആന്റണിക്കെതിരെയാണ് ഏറ്റവുമധികം സൈബർ ആക്രമണം ഉണ്ടായത്. കൃത്യമായ അജണ്ട തന്നെ ഇതിനു പിന്നിൽ ഉണ്ടോയെന്ന് സംശയിക്കുന്നു. കോൺഗ്രസിന്റെ നവ മാധ്യമ പ്രവർത്തകർ കോൺഗ്രസ് നേതാക്കളെ പോലും പരസ്യമായി അപമാനിക്കുകയാണ്. ഇത് കൃത്യമായി പരിശോധിക്കും. നവമാധ്യമങ്ങളിലെ വീഴ്ച പരിശോധിക്കാനും സമിതിയെ നിയോഗിക്കും. അന്വേഷണം തൃപ്തികരമല്ലെങ്കിൽ പുറമെ ഏജൻസിയെ ഏർപ്പാടാക്കും. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here