‘മമ്മുക്കാ, ഇങ്ങോട്ടു വന്നേ’; ഗാനഗന്ധർവൻ ചിത്രീകരണത്തിനിടെ താരമായി കുഞ്ഞ് ആരാധിക: വീഡിയോ

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ തടസപ്പെടുത്തിയ ആളെ പരിചയപ്പെടുത്തുകയാണ് സംവിധായകനും നടനുമായ രമേശ് പിഷാരടി. സംഭവത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ താരം പങ്കുവച്ചു.
ഗാനഗന്ധർവ്വന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. സ്റ്റേജിൽ വെച്ച് മമ്മൂട്ടി പാടുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഇതിനിടയിൽ സ്റ്റേജിനു വെളിയിൽ തന്റെ അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞുപെണ്ണ് ‘മമ്മൂക്ക… മമ്മൂക്ക.. ഇങ്ങോട്ട് വന്നേ…’ എന്ന് വിളിച്ച് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്.
ടേക്ക് പോകാൻ രമേശ് പിഷാരടി നിർദേശം നൽകിയിട്ടും കുഞ്ഞു ആരാധിക മമ്മൂട്ടിയെ വിളിക്കുന്നത് തുടർന്നു. തന്നെ സ്നേഹത്തോടെ വിളിച്ച കുഞ്ഞു ആരാധികയ്ക്ക് മമ്മൂട്ടി ഒരു ഫ്ലൈയിങ് കിസ്സും നൽകി. വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ഗാനഗന്ധർവൻ ഷൂട്ടിങ് തടസ്സപ്പെടുത്തിയ ആൾ ഇയാളാണ്,’ എന്നൊരു അടിക്കുറിപ്പോടെയാണ് രമേശ് പിഷാരടി വിഡിയോ പങ്കുവച്ചത്.
ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സലിംകുമാര്‍, ഹരീഷ് കണാരൻ, സുരേഷ് കൃഷ്‍ണ, മണിയൻ പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here