Advertisement

ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് മടങ്ങി

June 13, 2019
1 minute Read

അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ആശങ്ക ഒഴിഞ്ഞു. ഗതി മാറി സഞ്ചരിച്ച ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ മടങ്ങി. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും, കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തു. തീര പ്രദേശങ്ങളില്‍ നല്‍കിയ ജാഗ്രത നിര്‍ദേശം തുടരുകയാണ്. ആശങ്ക ഒഴിഞ്ഞെങ്കിലും അടുത്ത 48 മണിക്കൂര്‍ ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഉണ്ടായേക്കും.

വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിയതോടെയാണ് ദിവസങ്ങളായുള്ള രാജ്യത്തിന്റെ ആശങ്ക ഒഴിഞ്ഞത്. വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ ഒമാന്‍ തീരത്തേക്കാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. സഞ്ചാരപാതയില്‍ തന്നെ ചുഴലിക്കാറ്റ് ഇല്ലാതാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റ് തീരദേശം ചേര്‍ന്ന് വീശുമെന്ന് വിലയിരുത്തിയിരുന്നു  എങ്കിലും, കാറ്റ് തീരം തൊട്ടില്ല. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തു കൂടിയാണ് വായു ചുഴലിക്കാറ്റ് കടന്ന് പോയത്.

ആശങ്ക ഒഴിഞ്ഞെങ്കിലും തീരദേശങ്ങളില്‍ നല്‍കിയ അതീവ ജാഗ്രത നിര്‍ദേശം തുടരുകയാണ്. സംസ്ഥാനത്ത് തീരദേശങ്ങളില്‍ കനത്ത മഴയും, കാറ്റും, കടല്‍ ക്ഷോഭവുമുണ്ടായി. ഇത് അടുത്ത 48 മണിക്കൂര്‍ തുടര്‍ന്നേക്കും. മാതൃകാപരമായ മുന്നൊരുക്കങ്ങളാണ് ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം കൈകൊണ്ടിരുന്നത്. മൂന്ന് ലക്ഷം ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയും. 700 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സേനാ വിഭാഗങ്ങളും സംസ്ഥാനത്തെത്തിയിരുന്നു. 60 ലക്ഷം പേരെ ചുഴലിക്കാറ്റ് ബാധിക്കും എന്നായിരുന്നു പ്രതീക്ഷ. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യോമ – റെയില്‍ ഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top