നാലു വർഷങ്ങൾക്കു മുൻപ് കരിയർ അവസാനിപ്പിച്ചേക്കാവുന്ന വാഹനാപകടം; ഇന്ന് വിൻഡീസിനു വേണ്ടി നാലാം നമ്പറിൽ: നിക്കോളാസ് പൂരൻ എന്ന പോരാളി

വെസ്റ്റ് ഇൻഡീസ് ടീമിലെ വളരെ മികച്ച ഒരു ബാറ്റ്സ്മാനാണ് നിക്കോളാസ് പൂരൻ. ഒരേ സമയം ക്ലാസ് ബാറ്റ്സ്മാനായും പിഞ്ച് ഹിറ്ററായും തിളങ്ങാൻ കഴിവുള്ള പൂരൻ വിൻഡീസിൻ്റെ ഭാവി രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന കളിക്കാരനാണ്. എന്നാൽ നാലു വർഷങ്ങൾക്കപ്പുറം ക്രിക്കറ്റ് ഫീൽഡിലേക്ക് തിരികെ വരാൻ കഴിയുമോ എന്ന് പൂരനും ക്രിക്കറ്റ് ലോകവും വിശ്വസിച്ച ഒരു സമയമുണ്ടായിരുന്നു.
2014 അണ്ടർ-19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവുമധികം റണ്ണുകൾ നേടിയ താരമെന്ന പെരുമയുമായാണ് പൂരൻ ക്രിക്കറ്റിംഗ് ലോകത്ത് ആദ്യമായി തൻ്റെ പേര് എഴുതിച്ചേർക്കുന്നത്. പിന്നീട്, കരീബിയൻ പ്രീമിയർ ലീഗിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ചില മികച്ച ഇന്നിംഗ്സുകൾ. 2015 ജനുവരിയിലായിരുന്നു വാഹനാപകടം. മുട്ടിനും കണ്ണങ്കാലിനും പരിക്കേറ്റ പൂരൻ പിന്നീട് ഏറെക്കാലം വിശ്രമത്തിലായിരുന്നു.
‘ഞാൻ ഏറെയൊന്നും ഓർക്കുന്നില്ല. കാർ തകർന്നു കിടക്കുകകായിരുന്നു. ഒരു ആംബുലൻസ് വന്ന് എന്നെ പുറത്തെടുത്തു. നല്ല വേദനയുണ്ടായിരുന്നു. പിറ്റേന്ന് ആശുപത്രിയിൽ വെച്ച് എനിക്ക് ബോധം തെളിയുമ്പോൾ എനിക്ക് കാലുകൾ ഉണ്ടെന്നു തന്നെ തോന്നിയില്ല. തുടർച്ചയായ 12 ദിവസമാണ് വേദന സംഹാരികളുമായി ആ ആശുപത്രിയിൽ ഞാൻ കിടന്നത്.’- പൂരൻ പറയുന്നു.
‘എനിക്കിനി ക്രിക്കറ്റ് കളിക്കാൻ പറ്റുമോ എന്നതിനപ്പുറം എനിക്കിനി ഓടാൻ കഴിയുമോ എന്ന് ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നു. എൻ്റെ രക്തസമ്മർദ്ദം തുടർച്ചയായി കൂടിക്കൊണ്ടിരുന്നു. ഞാൻ ഭയന്നു. ‘- അദ്ദേഹം തുടർന്നു.
രണ്ട് ശസ്ത്രക്രിയയാണ് ആ സമയത്ത് പൂരനിൽ നടത്തിയത്. പിന്നീടുള്ള ആറു മാസക്കാലം അദ്ദേഹം വീൽ ചെയറിൽ ചെലവഴിച്ചു. കളിക്കളത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും പേശികൾക്ക് ബലമില്ലാത്തത് പൂരന് ആശങ്കയായി. പക്ഷേ, മനോ നില കൊണ്ട് താനതിനെ അതിജീവിച്ചു എന്ന് പൂരൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here