ഷോർട്ട് ബോൾ തന്ത്രം തിരിഞ്ഞു കുത്തി; ഷാക്കിബിന്റെ സെഞ്ചുറി മികവിൽ വിൻഡീസിനെ തകർത്ത് ബംഗ്ലാ കടുവകൾ

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് അനായാസ ജയം. 7 വിക്കറ്റിനാണ് ബംഗ്ലാദേശ് വിൻഡീസിനെ തകർത്തത്. 323 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 51 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. 124 റൺസടിച്ച ഷാക്കിബുൽ ഹസൻ്റെ ഉജ്ജ്വല ഇന്നിംഗ്സാണ് ബംഗ്ലാദേശിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 94 റൺസടിച്ച ലിറ്റൺ ദാസും ബംഗ്ലാദേശിനു വേണ്ടി തിളങ്ങി.
322 വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാരായ തമീം ഇക്ബാലും സൗമ്യ സർക്കാരും ചേർന്ന് നൽകിയത് ഗംഭീര തുടക്കമായിരുന്നു. ആക്രമിച്ചു കളിച്ച ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് 52 റൺസ്. ഒൻപതാം ഓവറിൽ സൗമ്യ സർക്കാർ പുറത്തായതിനെത്തുടർന്നാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. 29 റൺസെടുത്ത സൗമ്യ സർക്കാരിനെ ആന്ദ്രേ റസൽ ക്രിസ് ഗെയിലിൻ്റെ കൈകളിലെത്തിച്ചു.
തുടർന്ന് ഷാക്കിബുൽ ഹസൻ ക്രീസിലെത്തി. ലോകകപ്പിൽ ഉജ്ജ്വല ഫോം തുടരുന്ന ഷാക്കിബ് നാലുപാടും ഷോട്ടുകൾ പായിച്ചതോടെ വിൻഡീസ് വിയർത്തു. കഴിഞ്ഞ മത്സരങ്ങളിലൊക്കെ പരീക്ഷിച്ച് പരാജയപ്പെട്ട ഷോർട്ട് ബോൾ തന്ത്രത്തെ ആശങ്കകളൊന്നുമില്ലാതെ ഷാക്കിബും തമീമും നേരിട്ടു. തന്ത്രം പരാജയമാണെന്നറിഞ്ഞിട്ടും അത് തന്നെ വീണ്ടും പരീക്ഷിച്ച വിൻഡീസ് ബൗളർമാർ ബംഗ്ലാദേശിനെ അളവറ്റ് സഹായിച്ചു.
69 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഒരു റണ്ണൗട്ടിലൂടെയാണ് പൊളിഞ്ഞത്. 18ആം ഓവറിൽ ഷെൽഡൻ കോട്രൽ ഉജ്ജ്വലമായി റണ്ണൗട്ടാക്കുമ്പോൾ അർദ്ധസെഞ്ചുറിയിൽ നിന്നും 2 റൺസ് മാത്രം അകലെയായിരുന്നു തമീം. മുഷ്ഫിക്കർ റഹീം (1) ഒഷേൻ തോമസിൻ്റെ പന്തിൽ ഷായ് ഹോപ്പിനു പിടികൊടുത്ത് വേഗം മടങ്ങി.
പിന്നീടാണ് മാരത്തോൺ കൂട്ടുകെട്ട് ആരംഭിച്ചത്. ലിറ്റൺ ദാസിൽ പറ്റിയ കൂട്ടാളിയെ കണ്ടെത്തിയ ഷാക്കിബ് അനായാസം ഷോട്ടുകളുതിർത്തു. 83 പന്തുകളിലാണ് ഷാക്കിബ് തൻ്റെ സെഞ്ചുറിയിലെത്തിയത്. ഷാക്കിബ് സെഞ്ചുറി തികച്ചതിനു പിന്നാലെ ഗിയർ മാറ്റിയ ലിറ്റൺ ദാസ് വിൻഡീസ് ബൗളിംഗിനെ തച്ചു തകർത്തു. 43 പന്തുകളിൽ അർദ്ധശതകം കുറിച്ച ലിറ്റൺ ഇന്നിംഗ്സ് അവസാനത്തോടടുക്കുമ്പോൾ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു. നാലാം വിക്കറ്റിൽ ഷാക്കിബുമായി അപരാജിതമായ 189 റൺസാണ് ലിറ്റൺ ദാസ് പടുത്തുയർത്തിയത്. 135 പന്തുകൾ മാത്രം ചിലവഴിച്ചായിരുന്നു ഈ കൂട്ടുകെട്ട്.
69 പന്തുകൾ നേരിട്ട് 94 റൺസുമായി ലിറ്റൺ ദാസും ഒപ്പം 99 പന്തുകളിൽ 124 റൺസെടുത്ത ഷാക്കിബുൽ ഹസനും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here