ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരൻമാർക്ക് ഇ-വിസ അനുവദിച്ചു

ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരൻമാർക്ക് ഇ വിസ അനുവദിച്ചു. വിരലടയാളം ഉൾപ്പെടെ നിലവിലുണ്ടായിരുന്ന സങ്കീർണമായ നടപടികൾ ഒഴിവാക്കി. ഇതോടെ ഇന്ത്യൻ ടൂറിസം മേഖലയിൽ സൗദിയിൽ നിന്നുളള സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓൺലൈൻ വഴി സൗദി പൗരൻമാർക്ക് വേഗത്തിൽ ഇന്ത്യൻ വിസ കരസ്ഥമാക്കാൻ കഴിയും. indianvisaonline.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കുന്നവർക്ക് വിസ ലഭിക്കും. പാസ്‌പോർട്ട് വിവരങ്ങളും വിസ ചാർജും ഓൺലൈനിൽ അടക്കാൻ സൗകര്യം ഉണ്ട്. ഇതോടെ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ ലഭിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് ഇന്ത്യയിലെ എമിഗ്രേഷൻ കൗണ്ടറിൽ സമർപ്പിച്ചാൽ വിസ സ്റ്റാമ്പ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
സൗദി പൗരൻമാർക്ക് ഇ-വിസ അനുവദിക്കണമെന്ന് ഏറെക്കാലമായി ഇന്ത്യയിലുളള ടൂർ ഓപ്പറേറ്റർമാരും സൗദിയിലെ ഏജന്റുമാുരം ആവശ്യപ്പെട്ടിരുന്നു. വിസ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ വിരലടയാളം രേഖപ്പെടുത്തുന്നതിന് എംബസികളിലും ഔട്‌സോഴ്‌സിംഗ് എജൻസികളിലും എത്തണമെന്ന വ്യവസ്ഥ ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരൻമാരുടെ എണ്ണത്തിൽ കുറവു വരുത്തിയിരുന്നു.
കേരളം സന്ദർശിക്കാൻ സാധ്യതയുളള ടൂറിസ്റ്റുകൾ പോലും ശ്രീലങ്കയിലേക്കാണ് പോയിരുന്നത്. എന്നാൽ ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കുകയും സൗദി പൗരൻമാർ ഉൾപ്പെടെ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ടൂർ ഓപ്പറേറ്റർമാർ പ്രതിസന്ധിയിലാണ്. ഈ പശ്ചാത്തത്തിൽ ഇന്ത്യയിലേക്ക് ഇ-വിസ അനുവദിച്ചത് വിനോദ സഞ്ചാര മേഖലയിൽ ഉണർവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here