ജെപി നദ്ദ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

ജെപി നദ്ദയെ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിജെപി പാർലമെൻററി ബോർഡ് യോഗത്തിലാണ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിൽ അധ്യക്ഷൻ അമിത് ഷായെ സഹായിക്കുകയെന്ന ദൗത്യമാണ് ജെപി നദ്ദക്കുള്ളത്.
ഡിസംബറിൽ പൂർത്തിയാകുന്ന സംഘടനാ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി വർക്കിംഗ് പ്രസിഡണ്ടിനെ നിയോഗിക്കുന്ന കാര്യം കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത നേതൃയോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ ചേർന്ന പാർലമെൻറി ബോർഡ് യോഗത്തിൽ ജെപി നന്ദയെ വർക്കിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ അധ്യക്ഷൻ എന്നീ രണ്ട് പദവികളും ഒരുമിച്ച് വഹിക്കാൻ കഴിയില്ലെന്ന നിലപാട് ബോർഡ് യോഗത്തിൽ വ്യക്തമാക്കി. എന്നാൽ അമിത് ഷാ അധ്യക്ഷനായി തുടരണമെന്ന് മറ്റ് ബോർഡ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജെപി നദ്ദയെ വർക്കിംഗ് പ്രസിഡണ്ടാക്കാനുള്ള തീരുമാനം ഉണ്ടായത്. സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ പുതിയ അധ്യക്ഷനെ ബി ജെ പി കണ്ടേത്തിയേക്കും. കഴിഞ്ഞ മോദി മന്ത്രി സഭയിൽ അംഗമായിരുന്ന ജെ പി നദ്ദയെ ഇത്തവണ മാറ്റി നിർത്തിയപ്പോൾ തന്നെ അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ജെ പി നദ്ദ, ഭൂപേന്ദർ യാദവ് എന്നിവരിലൊരാൾ അധ്യക്ഷനാകുമെന്നായിരുന്നു സൂചന. ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാ എം പിയായ നദ്ദ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നു. വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തെത്തും മുന്പ് ബി ജെ പി പാർലമെൻററി ബോർഡ് സെക്രട്ടറിയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here