ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്‌റ്റേ ചെയ്തു

കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുൻസിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ചെയർമാനെ തെരഞ്ഞെടുക്കുന്നതിനും തൽസ്ഥാനത്ത് തുടരുന്നതിനുമാണ് സ്‌റ്റേ. ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള അധികാരമെന്ന് കോടതി വിലയിരുത്തി. രണ്ട് എംഎൽഎമാരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
ഇന്നലെയാണ് സംസ്ഥാന കമ്മിറ്റി ചേർന്ന് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. മുതിർന്ന നേതാക്കളുടെ അഭാവത്തിലായിരുന്നു യോഗം ചേർന്നത്. അഞ്ച് മിനിട്ട് മാത്രം നീണ്ടു നിന്ന തെരഞ്ഞെടുപ്പിൽ 437 പേരിൽ 325 പേരും പങ്കെടുത്തു. തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി പിളർന്നുവെന്നുള്ള സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെ ജോസ് കെ മാണിയെ രൂക്ഷമായി വിമർശിച്ച് പി ജെ ജോസഫ് രംഗത്തുവന്നിരുന്നു. ജോസ് കെ മാണി തൽസ്ഥാനത്ത് തുടരില്ലെന്നും അതിനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ജോസഫ് വിഭാഗം തുടർ നടപടികൾ സ്വീകരിച്ചത്.
കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താൻ സംസ്ഥാന കമ്മറ്റി ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വർക്കിംഗ് ചെയർമാൻ, ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here