ക്രൂര കൃത്യത്തിന് പിന്നിൽ പ്രണയ പരാജയം; സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യാൻ ലക്ഷ്യംവെച്ചെന്ന് അജാസിന്റെ മൊഴി
മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ തീവെച്ചു കൊന്ന കേസിൽ പ്രതി അജാസിൽ നിന്ന് മജിസ്‌ട്രേറ്റ് മൊഴിയെടുത്തു. സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് പറഞ്ഞു. സൗമ്യയുടെ ശരീരിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു. അങ്ങിനെയാണ് തനിക്ക് പൊള്ളലേറ്റത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. പ്രണയ പരാജയമാണ് കൊലപാതകത്തിന് കാരണമെന്നും അജാസ് മൊഴി നൽകി.
സൗമ്യയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്നെ നിരന്തരം അവഗണിച്ചതിൽ കടുത്ത വിഷമം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അജാസ് വ്യക്തമാക്കി. ശരീരത്തിൽ സാരമായി പൊള്ളലേറ്റ അജാസ് വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അജാസിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 302 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അക്കാദമിയിലെ പരിശീലന കാലത്താണ് സൗമ്യ അജാസുമായി അടുപ്പത്തിലായത്. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു എറണാകുളം വാഴക്കാല സ്വദേശിയായ അജാസ്. വിവാഹശേഷമാണ് സൗമ്യയ്ക്ക് നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്. ഏറ്റവുമൊടുവിൽ നാട്ടിലെത്തിയ സജീവ് 15 ദിവസം മുൻപാണ് വിദേശത്തേക്ക് മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here