പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന സംഭവം; പ്രതി അജാസ് മരിച്ചു

സിവിൽ പൊലീസ് ഓഫീസറായിരുന്ന സൗമ്യയെ ചുട്ടുകൊന്ന സംഭവത്തിലെ പ്രതി അജാസ് മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അജാസ് അൽപസമയം മുൻപാണ് മരിച്ചത്. അജാസിന്റെ കിഡ്‌നിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് അജാസിൽ നിന്ന് മൊഴി എടുത്തിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാൽ പൂർണ വിവരങ്ങൾ ശേഖരിക്കാനായില്ല.
സൗമ്യയെ കൊലപ്പെടുത്തുനതിനിടെ അജാസിന് 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതിനാൽ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മർദ്ദം ഉയർത്താൻ മരുന്നു കുത്തിവെച്ചെങ്കിലും അതിനോട് പ്രതികരിച്ചിരുന്നുമില്ല.
സൗമ്യ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് അജാസ് ക്രൂരകൃത്യത്തിന് മുതിർന്നത്. പൊലീസ് ട്രെയിനിങ് കോളേജിൽ വച്ച് അടുപ്പത്തിലായ സൗമ്യയോട് വിവാഹം ചെയണമെന്ന് അജാസ് പലതവണ ആവശ്യപ്പെട്ടുവെങ്കിലും അവർ നിരസിച്ചു. തുടർന്ന് അജാസ് നടത്തിയത് കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സൗമ്യയെ പിന്നാലെയെത്തിയ ഇയാൾ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൗമ്യയെ ഇയാൾ വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് അജാസ് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
അജാസ് കൊല്ലുമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകൻ പൊലീസിൽ മൊഴി നൽകിയിരുന്നു. കടം വാങ്ങിയ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റിയിരുന്നില്ല. അജാസിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ഐപിസി 302 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here