വ്യോമസേനാ വിമാനം തകർന്നു മരിച്ച ഷെറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

വിമാനം തകർന്ന് മരിച്ച വ്യോമസേന ഉദ്യോഗസ്ഥൻ എൻ.കെ.ഷെറിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. രാത്രി ഒൻപതോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഷെറിന്റെ വീടിനു സമീപത്തെ കുഴിമ്പാലോട് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ മൂന്നിനാണ് വ്യോമസേനയുടെ എ.എൻ. 32 ചരക്കുവിമാനം അരുണാചലിലെ ലി പോയ്ക്കടുത്ത് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന വ്യോമസേന കോർപറൽ ഷെറിനും മറ്റു രണ്ടു മലയാളികളുമുൾപ്പെടെ പതിമൂന്ന് ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്നത് മൂന്നിനാണെങ്കിലും വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി 13 നാണ് വ്യോമസേന സ്ഥിരീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here