പരിക്ക് വകവെക്കാതെ ബാറ്റ് ചെയ്തത് അമ്മ പേടിക്കാതിരിക്കാൻ; ആരാധകരുടെ മനം കവർന്ന് ഹഷ്മതുല്ല ഷാഹിദി

ഇംഗ്ലണ്ടിനെതിര നടന്ന മത്സരത്തിൽ പരിക്കേറ്റിട്ടും ബാറ്റിംഗ് തുടർന്നത് അമ്മ പേടിക്കാതിരിക്കാനെന്ന് അഫ്ഗാനിസ്ഥാൻ ബാറ്റ്സ്മാൻ ഹഷ്മതുല്ല ഷാഹിദി. തനിക്ക് പരിക്കേറ്റു എന്ന് കണ്ടാൽ ടിവിയിൽ മത്സരം കാണുന്ന അമ്മ ഭയപ്പെടുമെന്നും അതൊഴിവാക്കാനാണ് താൻ ബാറ്റിംഗ് തുടർന്നതെന്നും ഷാഹിദി പറഞ്ഞു.
“എന്റെ ഹെല്‍മെറ്റ് പൊട്ടിയിരുന്നു. ഗ്രൗണ്ടിലെത്തിയ ഡോക്ടര്‍മാര്‍ കളി നിര്‍ത്താനാണ് പറഞ്ഞത്. പക്ഷേ എനിക്ക് പോകാന്‍ തോന്നിയില്ല. ടീമിന് എന്നെ ആവശ്യമുണ്ടായിരുന്നു. എന്റെ അമ്മ ടിവിയില്‍ കളി കാണുന്നുണ്ടാകുമെന്ന് എനിക്കറിയാം. അതു കൊണ്ടാണ് വേദന ഉണ്ടായിട്ടും വേഗത്തില്‍ എഴുന്നേറ്റത്. അല്ലെങ്കില്‍ അമ്മ പേടിക്കും.”- ഷാഹിദി പറഞ്ഞു.
അച്ഛൻ മരിച്ചത് കഴിഞ്ഞ വർഷമാണെന്നും അതുകൊണ്ട് തന്നെ അമ്മയെ ഒരു തരത്തിലും വേദനിപ്പിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാര്‍ക് വുഡിന്റെ 141 കി.മീ വേഗതയുള്ള ബൗണ്‍സര്‍ തലയിൽ കൊണ്ടാണ് ഷാഹിദിക്ക് പരിക്കേറ്റത്. നിലത്തു വീണ ഷാഹിദി ആശങ്ക പടര്‍ത്തിയിരുന്നു. അല്പ സമയം മത്സരം നിർത്തി വെച്ചുവെങ്കിലും പിന്നീട് ഷാഹിദി ബാറ്റ് ചെയ്യുകയും മികച്ച സ്കോർ സ്വന്തമാക്കുകയും ചെയ്തു. പരിക്കേറ്റു വീഴുമ്പോൾ 54 പന്തില്‍ 24 റൺസായിരുന്ന ഷാഹിദി 100 പന്തില്‍ 76 റണ്‍സുമായാണ് മടങ്ങിയത്. അഫ്ഗാൻ ഇന്നിംഗ്സിലെ ടോപ്പ് സ്കോരറും ഇദ്ദേഹം തന്നെയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here