സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

1990 ലെ കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ഗുജറാത്ത് ജംനഗർ സെഷൻസ് കോടതിയാണ് ഇരുപത്തിയൊൻപത് വർഷം പഴക്കമുള്ള കേസിൽ ശിക്ഷ വിധിച്ചത്. നിലവിൽ, ഒരു അഭിഭാഷകനെതിരെ കള്ളക്കേസെടുത്തുവെന്ന പരാതിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സഞ്‌ജീവ് ഭട്ട്.
1990 നവംബറിൽ ഭാരത് ബന്ദിനിടെ പിടിയിലായ പ്രഭുദാസ് മാധവ്ജി വൈഷ്‌ണവി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലാണ് സഞ്‌ജീവ് ഭട്ടിന് ജീവപര്യന്തം കഠിനതടവ് വിധിച്ചത്. കൊലപാതകമടക്കം കുറ്റങ്ങൾ തെളിഞ്ഞതായി ജാംനഗർ സെഷൻസ് കോടതി കണ്ടെത്തി. സംഭവസമയം ജാംനഗർ അസിസ്റ്റന്റ് സൂപ്രണ്ട് ആയിരുന്നു സഞ്‌ജീവ് ഭട്ട്.
വ്യാപക അക്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രഭുദാസ് മാധവ്ജി വൈഷ്‌ണവിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് മർദ്ദനത്തിലാണ് പ്രതി മരിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സഞ്‌ജീവ് ഭട്ട് അടക്കം ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 1995ൽ കേസ് കോടതിയിലെത്തിയെങ്കിലും വിചാരണ അനന്തമായി നീണ്ടു. ഇതിനിടെ ഒരു അഭിഭാഷകനെതിരെ കള്ളക്കേസെടുത്തുവെന്ന പരാതിയിൽ സഞ്‌ജീവ് ഭട്ട് അറസ്റ്റിലായി. ഈ കേസിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here