താരത്തിൽ നിന്നും നടനിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര; പ്രതീക്ഷയാകുന്ന 2019

ഈയിടെ കണ്ട അഭിമുഖത്തിൽ മമ്മൂട്ടി ഒരു ചോദ്യം നേരിട്ടു- ‘എന്തു കൊണ്ടാണ് ഇത്ര കൊല്ലങ്ങളായിട്ടും വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കാനും ശൈലികൾ മാറ്റിപ്പരീക്ഷിക്കാനും താങ്കൾക്ക് പ്രചോദനമാകുന്നത്?’
ഉത്തരം വളരെ ലളിതമായിരുന്നു- ‘ആർത്തി’.
ആ ഉത്തരം വല്ലാതെ സ്പർശിച്ചു. മമ്മൂട്ടി കഴിഞ്ഞ 48 വർഷമായി മലയാള സിനിമയുടെ തലപ്പത്തുണ്ട്. പല വേഷങ്ങളും ഭാഷകളും ശൈലികളും കെട്ടിയാടി അയാൾ യാത്ര തുടരുകയാണ്. അയാൾക്ക് ഇനിയൊന്നും തെളിയിക്കാനോ ഒന്നും നേടാനോ ഇല്ല. എന്നിട്ടും വ്യത്യസ്തത തേടാൻ തനിക്ക് ആർത്തിയാണെന്നു പറയുമ്പോൾ പ്രതീക്ഷകൾ വാനോളം കുതിച്ചുയരുകയാണ്.
‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ ‘ഉണ്ട’ വരെ എത്തി നിൽക്കുന്ന യാത്ര കൊണ്ട് അയാൾ സൃഷ്ടിച്ചെടുത്ത സ്റ്റാർഡം എളുപ്പത്തിൽ വന്നു ചേർന്നതൊന്നും അല്ല. സമകാലികരായ പ്രതിഭാധനരോടൊക്കെ പോരടിച്ചാണ് തൻ്റേതായ ഇടം സിനിമാ ലോകത്ത് അയാൾ അടയാളപ്പെടുത്തിയത്. ‘നടൻ’ എന്ന ലേബലിൽ നിന്നു മാറി ‘താരം’ എന്ന ലേബൽ അണിയേണ്ടി വന്ന മമ്മൂട്ടി ഏറെ അകലെയൊന്നുമല്ല. അല്പം കൂടി കൃത്യമാക്കിയാൽ, കഴിഞ്ഞ വർഷം വരെ മമ്മൂട്ടിയും ആ തടവിൽ തന്നെയായിരുന്നു. ഈ വർഷമാണ് അയാൾ അതിൽ നിന്നും പുറത്തു കടന്നത്.
ഈ വർഷം മമ്മൂട്ടിയുടേതായി ഇതുവരെ പുറത്തിറങ്ങിയത് നാലു സിനിമകളാണ്. മൂന്നു ഭാഷകളിലായി നാലു സിനിമകൾ. പേരൻപ്, യാത്ര, മധുരരാജ, ഉണ്ട. തമിഴും തെലുങ്കും കടന്ന് രണ്ട് മലയാള സിനിമകളാണ് മമ്മൂട്ടിയുടേതായി ഇക്കൊല്ലം ഇതു വരെ പുറത്തിറങ്ങിയത്. വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഈ നാലു സിനിമകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ മമ്മൂട്ടിയിലെ നടനെ പുറത്തു കൊണ്ടുവന്നു എന്നത് തന്നെയാണ് ഒരു സിനിമാ പ്രേമിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്.
പേരൻപ് ഇതുവരെ കാണാത്തെ ഒരു മമ്മൂട്ടിയെയാണ് നൽകിയത്. വോയിസ് മോഡുലേഷൻ്റെ പാരമ്യത കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയെ നിർബന്ധപൂർവം മാറ്റി നിർത്തിയ റാം മമ്മൂട്ടിയിലെ അഭിനേതാവിനെ പിഴിഞ്ഞെടുത്തു. ‘മമ്മൂട്ടിയുടെ കണ്ഠമിടറിയാൽ പ്രേക്ഷകൻ്റെ കണ്ണ് നിറയു’മെന്ന എപ്പോഴും പ്രശസ്തമായ ക്ലീഷെ മറികടന്ന് അദ്ദേഹം ചിത്രത്തിൽ ‘അഭിനയിച്ചു’. ഇനിയൊരു വട്ടം കൂടി പേരൻപ് കാണാനുള്ള മാനസിക ബലമില്ലെന്ന പ്രതികരണങ്ങളാണ് സിനിമയിലെ മമ്മൂട്ടിയെന്ന നടനെ അടയാളപ്പെടുത്തിയത്. മെലോഡ്രാമ കൊണ്ട് പൊതിഞ്ഞ് വൈകാരികമായി സിനിമയെ വിജയിപ്പിക്കാനുള്ള സാധ്യതകൾ നിലനിൽക്കെ അതിൽ നിന്നും വഴിമാറി നടന്ന റാം നൽകിയത് പൂർണാർത്ഥത്തിൽ മമ്മൂട്ടിയിലെ നടനെയായിരുന്നു. ക്ലൈമാക്സിലെ ചില ശൈലീമാറ്റങ്ങളിൽ അതുവരെ കണ്ട അമുദവനിൽ നിന്നും ഒരു പാരഡൈം ഷിഫ്റ്റായി മാറിയെന്നതും മമ്മൂട്ടിയിലെ നടൻ്റെ വിജയമായിരുന്നു.
യാത്ര എന്ന ചിത്രം പേരൻപിൽ നിന്നും ഏറെ ദൂരെയായിരുന്നു. ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ആറിനെ വെള്ളിത്തിരയിലെത്തിച്ച മമ്മൂട്ടി വെറും ഒരു രാഷ്ട്രീയ നേതാവിൻ്റെ ശരീരഭാഷകളിലൊതുങ്ങിയില്ലെന്നതാണ് യാത്രയുടെ സവിശേഷത. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെപ്പറ്റി ആന്ധ്രാ മാധ്യമങ്ങളും ട്വിറ്റററ്റിയും വാനോളം പ്രശംസ ചൊരിഞ്ഞപ്പോൾ മമ്മൂട്ടി അതിശയിപ്പിച്ചത് സ്വയം ഡബ് ചെയ്തായിരുന്നു. ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ പ്രാദേശിക സംസാര ശൈലി പോലും മമ്മൂട്ടി കൃത്യമായി ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചു എന്ന സാക്ഷ്യപ്പെടുത്തൽ അദ്ദേഹത്തിൻ്റെ ‘ആർത്തി’ വെളിപ്പെടുത്തുന്നതായി.
പിന്നീടെത്തിയതാണ് മധുരരാജ. മധുരരാജ മമ്മൂട്ടി തൻ്റെ സ്റ്റാർഡം ഉപയോഗിച്ച സിനിമയായിരുന്നു. നടൻ എന്ന ലേബൽ അഴിച്ചു വെച്ച് മമ്മൂട്ടി വീണ്ടും താരമായി. ആരാധകർക്ക് അഡ്രിനാലിൻ റഷ് ഉണ്ടാക്കുന്ന ഒരു മസാലപ്പടം. ഇടിയും പാട്ടുമൊക്കെയുള്ള പക്കാ എൻ്റർടൈനർ. സെൽഫ് ട്രോളാണോ എന്നു പോലും തോന്നിപ്പോകുന്ന ശൈലികളും രീതികളുമുള്ള മധുരരാജ എന്ന ‘നല്ലവനായ ഗുണ്ട’ ഒരു വാണിജ്യ സിനിമ എന്ന നിലയിൽ ഒരു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.
അവസാനമാണ് ഉണ്ട. മമ്മൂട്ടിയുടെ മറ്റൊരു പോലീസ് വേഷം. കെജി ജോർജ് ആദ്യമായി അണിയിച്ച യവനികയിലെ പൊലീസ് വേഷം മുതലിങ്ങോട്ട് മമ്മൂട്ടി കെട്ടിയാടിയ പൊലീസ് വേഷങ്ങളിൽ അവസാനത്തേത്. എസ്ഐ മണികണ്ഠൻ അഥവാ മണി സാർ. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഭക്ഷണം ശരിയാവാത്തതു കൊണ്ട് മൂന്നു ദിവസം വയറ്റിൽ നിന്നു പോവാത്തയാളാണ് മണി സാർ. ഗ്യാസ് ട്രബിളിനുള്ള ഗുളിക ഒപ്പം കൊണ്ടു നടക്കുന്നയാളാണ് മണി സാർ. സഹപ്രവർത്തകരോട് മാപ്പ് പറയുകയും വെടിയൊച്ച കേൾക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയും ചെയ്യുന്നയാളാണ് മണി സാർ. തോക്ക് പിടിക്കുമ്പോൾ കൈവിറക്കുകയും നെഞ്ച് വേദന വന്ന് നിലത്ത് പിടഞ്ഞു വീഴുകയും ചെയ്യുന്നയാളാണ് മണി സാർ. ഇങ്ങനെ നിസ്സഹായനായ ഒരു പൊലീസ് വേഷം മമ്മൂട്ടിയുടെ കരിയറിൽ ആദ്യമായാണ്. അത് അഭിനയിച്ചു ഫലിപ്പിക്കുകയും പൊളിറ്റിക്കലി ആ സിനിമ സംസാരിക്കുകയും ചെയ്തു എന്ന യാഥാർത്ഥ്യം മമ്മൂട്ടിയിലെ നടനെ വീണ്ടും ഉയരത്തിൽ പ്രതിഷ്ഠിക്കുകയാണ്.
സമീപകാലത്ത്, മലയാള സിനിമ ബഡ്ജറ്റിൻ്റെയും കളക്ഷൻ്റെയും കണക്കുകൾ പറയുകയും വാണിജ്യപരമായി മാത്രം ചിന്തിക്കുകയും ചെയ്യുമ്പോഴാണ് മമ്മൂട്ടിയുടെ ഈ വേഷപ്പകർച്ച. ഒരു സിനിമാ മേഖലയിൽ വാണിജ്യ സിനിമകൾ അത്യാവശ്യം തന്നെയാണ്. ആരാധകർക്ക് വേണ്ടി സിനിമകളുണ്ടാവണം. 100 കോടീയും 200 കോടിയും പിന്നിടുന്ന സിനിമകളുണ്ടാവണം. എങ്കിൽ മാത്രമേ ഇൻഡസ്ട്രി വളരുകയുള്ളൂ. പക്ഷേ, ഇടക്കൊക്കെ ആത്മാവുള്ള സിനിമകൾ കൂടി തിരഞ്ഞെടുക്കുകയും പരീക്ഷണങ്ങൾ നടത്താൻ മടി കാണിക്കാതിരിക്കുകയും ചെയ്യുന്ന മമ്മൂട്ടി തീർച്ചയായും പ്രതീക്ഷയാണ്.
യുവതാരങ്ങളും പുതുമുഖങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന സിനിമകളെ മറന്നതല്ല. ‘ബിഗ് എംസ്’ എന്ന് നമ്മൾ അഭിമാനത്തോടെ വിളിക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്തുകൊണ്ട് ഇങ്ങനെയും ചിന്തിക്കണമെന്ന് ഓർമ്മപ്പെടുത്തിയെന്നു മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here