കരിങ്കല്‍ ഭിത്തി നിര്‍മാണമല്ല കടല്‍ക്ഷോഭം തടയാനുള്ള ശാശ്വതമാര്‍ഗമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ

കരിങ്കല്‍ ഭിത്തി നിര്‍മാണമല്ല കടല്‍ക്ഷോഭം തടയാനുള്ള ശാശ്വതമാര്‍ഗമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയിലൂടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കും. 1398 കോടിയുടെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കടലാക്രമണ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ആലപ്പുഴയില്‍ കടല്‍ ഭിത്തി നിര്‍മ്മാണം നടത്താത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെത്തിയ ഫിഷറീസ് മന്ത്രിയുടെ പ്രതികരണം. കടല്‍ത്തീരത്ത് നിന്ന് 50 മീറ്ററിന് ഉള്ളില്‍ താമസിക്കുന്ന വീടു തകര്‍ന്നവരെയും , മാറാന്‍ സന്നദ്ധരായവരെയും പുനരധിവസിപ്പിക്കുന്നതിന് 1398 കോടിയുടെ പദ്ധതി നടപ്പാക്കും. ആരെയും നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കില്ല. ഈ പാര്‍പ്പിട പദ്ധതി മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായാണെന്നും മന്ത്രി വ്യക്തമാക്കി. നാഷണല്‍ ഓഷ്യാനിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പിലാക്കുകയാണ്. ആദ്യഘട്ടത്തില്‍ പൂന്തുറ, ശംഖുമുഖം, വലിയതുറ എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കുന്നതെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍ ഫ്രഞ്ച് സംഘം പഠനം പൂര്‍ത്തിയാക്കി ജിയോ ബാഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തോട്ടപ്പള്ളിയില്‍ ഒരു കിലോമീറ്റര്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. വിജയിച്ചാല്‍ കേരളം മുഴുവന്‍ നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഹാര്‍ബറില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് എന്ന പദ്ധതി കൊണ്ടു വന്നിട്ടുണ്ട്. അനധികൃത മത്സ്യബന്ധനം തടയുന്നതിന് നിയമം തന്നെ കൊണ്ടുവന്നു. പുതിയ കണക്ക് പ്രകാരം ഒന്നേകാല്‍ ലക്ഷം ടണ്‍ മത്സ്യസമ്പത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here