ജാർഖണ്ഡിൽ ജയ്ശ്രീറാം വിളിപ്പിച്ച് ആൾക്കൂട്ട മർദ്ദനത്തിനിരയാക്കിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

ജാർഖണ്ഡിൽ മോഷണക്കുറ്റത്തിന് പോസ്റ്റിൽ കെട്ടിയിട്ട് ആൾക്കൂട്ട മർദ്ദനത്തിന് ഇരയാക്കിയ യുവാവ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരണപ്പെട്ടു. 24 വയസുള്ള തബ്‌രീസ് അൻസാരിയാണ് മരണപ്പെട്ടത്.
ജാർഖണ്ഡിലെ ഖർസ്വാനിൽ ജൂൺ 18നാണ് തബ്‌രീസ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയാകുന്നത്. തുടർന്ന് നാട്ടുകാർ അദ്ദേഹത്തെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന തബ്‌രീസിന്റെ ആരോഗ്യനില ജൂൺ 22ന് രാവിലെ മോശമാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തബ്‌രീസിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമികൾ മൊബൈലിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ട് വീഡിയോകളാണ് അക്രമികൾ പ്രചരിപ്പിച്ചത്. അര മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ തബ്‌രീസ് പുല്ലിൽ കിടക്കുന്നതും നാട്ടുകാർ ചുറ്റുംകൂടി നിന്ന് ആക്രോശിക്കുന്നതുമാണുള്ളത്. പത്ത് മിനിട്ട് ദൈർഘ്യമുള്ള മറ്റൊരു വീഡിയോയിൽ തബ്‌രീസിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതാണുള്ളത്. മോഷ്ടിക്കാൻ വീട്ടിൽ കയറിയതിനെ കുറിച്ച് ഒരാൾ ചോദിക്കുന്നതും താനല്ല മറ്റു രണ്ടു പേരാണ് മോഷ്ടിക്കാൻ വന്നതെന്നും തബ്‌രീസ് പറയുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത് ജയ് ശ്രീരാം എന്ന് വിളിയ്ക്കുന്നതും തബ്‌രീസിനെ കൊണ്ട് വിളിപ്പിക്കുന്നതും കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here