സിഒടി നസീർ വധശ്രമ കേസ്; രണ്ട് പ്രതികൾ കീഴടങ്ങി

സി.ഒ.ടി നസീർ വധശ്രമ കേസിൽ രണ്ട് പ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങി. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന വിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.
മുൻ സിപിഐ എം നേതാവായ സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതികളിൽ രണ്ട് പേരാണ് കോടതിയിൽ കീഴടങ്ങിയത്. സംഭവത്തിന്റെ സൂത്രധാരനായ പൊട്ടിയൻ സന്തോഷിന്റെ നിർദേശപ്രകാരം നസീറിനെ വധിക്കാൻ പോയ സംഘത്തിൽ കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷും ബ്രിട്ടോ എന്ന വിപിനും ഉണ്ടായിരുന്നു. എന്നാൽ പല സംഘങ്ങളായി വന്നതിനാൽ ഇവർക്ക് ആക്രമണ സമയത്ത് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ജിതേഷും ബിപിനും മിഥുനും നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. മിഥുൻ ഇപ്പോഴും ഒളിവിലാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.
ആരോപണ വിധേയനായ എ.എൻ ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവറും സിപിഎം കതിരൂർ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ എൻ.കെ.രാജേഷ് നേരത്തേ അറസ്റ്റിലായിരുന്നു. നസീറിനെ അക്രമിക്കാൻ നിർദേശം നൽകിയത് രാജേഷാണെന്ന് പൊട്ടിയൻ സന്തോഷ് നേരത്തേ മൊഴി നൽകിയിട്ടുണ്ട്. വധശ്രമത്തിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് സി.ഒ.ടി. നസീർ ആരോപിച്ചിരുന്നു. എന്നാൽ ഇതുവരെ ഷംസീറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നല്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here