ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. തീര്‍ഥാടകര്‍ ജൂലൈ നാല് മുതല്‍ സൗദിയില്‍ എത്തിത്തുടങ്ങും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവും നാലാം തിയ്യതി ആരംഭിക്കും.
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന ആദ്യ സംഘം ജൂലൈ നാലിന് സൗദിയില്‍ എത്തും. ബംഗ്ലാദേശില്‍ നിന്നുള്ള മുന്നൂറ്റിയൊന്ന് അംഗ സംഘമാണ് ജിദ്ദ വിമാനത്താവളത്തില്‍ ആദ്യം എത്തുക. തീര്‍ഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ജിദ്ദാ ഹജ്ജ് ടെര്‍മിനലില്‍ പൂര്‍ത്തിയായി. എല്ലാ സൗകര്യങ്ങളോടെയും പതിനാല് ലോഞ്ചുകള്‍ ടെര്‍മിനലില്‍ തയ്യാറാണ്. പ്രതിരോധ കുത്തിവെപ്പ് നല്‍കാനും, രോഗികള്‍ക്ക് ചികിത്സ നല്‍കാനും വിപുലമായ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് ഡയരക്ടര്‍ ഇസ്സാം ഫുആദ് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘവും നാലാം തിയ്യതി സൗദിയില്‍ എത്തും. മദീനയിലെക്കാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഡല്‍ഹിയില്‍ നിന്നും 420 തീര്‍ഥാടകരെയും വഹിച്ചുള്ള എയര്‍ ഇന്ത്യ വിമാനം നാലാം തിയ്യതി പുലര്‍ച്ചെ മൂന്നേക്കാലിന് മദീനയില്‍ എത്തും. ഇന്ത്യന്‍ അംബാസഡര്‍ കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ സംഘത്തെ സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടും. ജൂലൈ പതിനാലിനാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും മദീനയിലേക്കാണ്. ഹജ്ജ് കഴിഞ്ഞു ജിദ്ദയില്‍ നിന്നായിരിക്കും ഇവരുടെ മടക്കയാത്ര. ഓഗസ്റ്റ് അഞ്ച് വരെ വിദേശ തീര്‍ഥാടകരുടെ ഒഴുക്ക് തുടരും. ഓഗസ്റ്റ് രണ്ടാം വാരം ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here