പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം

പി.ജെ ജോസഫിനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം. കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ജോസ് കെ മാണിയുമായി തിരുവനന്തപുരത്ത് നടത്തിയ സമവായ ചർച്ചയിലാണ് യുഡിഎഫ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരു വിഭാഗങ്ങളുടെയും പരസ്യപ്പോര് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അതിനാൽ പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കരുതെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള സമവായ സാധ്യതകൾ അടയ്ക്കരുതെന്നും പാലായിലെ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തി
പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ജോസ് കെ മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ചെയർമാൻ സ്ഥാനം വിട്ടു നൽകുന്നതൊഴികെയുള്ള ഏത് സമവായത്തിനും താൻ തയ്യാറാണെന്ന് ജോസ് കെ മാണി ചർച്ചയിൽ വ്യക്തമാക്കി. തനിക്ക് പറയാനുള്ളതെല്ലാം യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും ഉപാധികളൊന്നും ചർച്ചയിൽ മുന്നോട്ട് വെച്ചില്ലെന്നും ജോസ് കെ മാണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
നാളെ പി.ജെ ജോസഫുമായും യുഡിഎഫ് നേതാക്കൾ ചർച്ച നടത്തും. പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിലെ പിളർപ്പ് വലിയ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. അതിനാൽ തന്നെ എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here