മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി ആനന്ദ് പട് വർധന്റെ ‘വിവേക്’

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി ആനന്ദ് പട് വർധന്റെ വിവാദ ഡോക്യുമെന്ററി ‘വിവേക്’. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ഡോക്യുമെൻററിക്കുള്ള പുരസ്‌കാരം നിർമൽ ചന്ദർ സംവിധാനം ചെയ്ത ‘മോത്തീ ബാഗും’ പങ്കജ് ഋഷികുമാറിന്റെ ‘ജനനീസ് ജൂലിയറ്റും പങ്കിട്ടു’.
ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഓസ്‌കാറിന്റെ കഥേതര മത്സരവിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ അശോക് വെയ്ലു സംവിധാനം ചെയ്ത ‘ലുക്ക് അറ്റ് ദ സ്‌കൈ’ ആണ് മികച്ച ചിത്രം. മികച്ച ക്യാമ്പസ് ഫിലിം ആയി ഗായത്രി ശശിപ്രകാശ് സംവിധാനം ചെയ്ത ‘പ്രതിച്ഛായ’ തെരഞ്ഞെടുക്കപ്പെട്ടു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പ്രശസ്ത ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു.
ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ആനന്ദ് പട് വർധന്റെ ഡോക്യുമെന്ററിക്ക് വാർത്താ വിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ആനന്ദ് പട് വർധനും ചലച്ചിത്ര അക്കാദമിയും സംയുകതമായി ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി ലഭിച്ചത്. നാല് മണിക്കൂർ ദൈർഘ്യമുള്ള ആനന്ദ് പട് വർധന്റെ വിവേക് എന്ന ഡോക്യുമെന്ററി ഹിന്ദുത്വ തീവ്രവാദികൾ മതേതരത്വത്തിനും സ്വതന്ത്രചിന്തകർക്കും നേരെ നടത്തുന്ന ആക്രമണങ്ങളാണ് ചർച്ച ചെയ്യുന്നത്. ലോകപ്രശസ്തമായ പലമേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ചലച്ചിത്രമേളയിൽ ‘വിവേക്’ പ്രദർശനത്തിനെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here