നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സംശകരമായ സാഹചര്യങ്ങളുണ്ട് : മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സംശകരമായ സാഹചര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും വിഷയം പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊള്ളാവുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൂലക്കിരുത്തി കുപ്രസിദ്ധരായവരെ താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കുന്നതാണ് കേരളാ പൊലീസിലെ അരക്ഷിതാവസ്ഥക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ രാജ്കുമാർ എന്നയാൾ മരിച്ച സംഭവം പി.ടി തോമസാണ് പ്രതിപക്ഷത്തു നിന്ന് അടിയന്തര പ്രമേയമായി സഭയിലുന്നയിച്ചത്. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും പി ടി തോമസ് ആരോപിച്ചു.
രാജ്കുമാറിന്റെ മരണത്തിൽ സംശയകരമായ സാഹചര്യങ്ങളുണ്ടെന്ന് സഭയിൽ സമ്മതിച്ച മുഖ്യമന്ത്രി, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മറുപടി പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.
വിഷയം പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ, കസ്റ്റഡി മരണങ്ങളെ സർക്കാർ ലാഘവത്തോടെ സമീപിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here