വിനീത് ശ്രീനിവാസനും പിന്നെ കുറച്ച് പിള്ളേരും; ‘തണ്ണീർമത്തൻ ദിനങ്ങൾ’ ട്രെയിലർ

വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങളുടെ ട്രെയിലർ പുറത്ത്. ചിത്രത്തിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. രസകരമായ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു സ്കൂളും അവിടത്തെ കുട്ടികളും ആ സ്കൂളിലെ ഒരു അദ്ധ്യാപകനുമാണ് സിനിമയുടെ പ്ലോട്ട്. ചിത്രത്തിൽ അധ്യാപകൻ്റെ വേഷത്തിലെത്തുന്നത് വിനീത് ശ്രീനിവാസനാണ്. അധ്യാപകനും കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ മാത്യു തോമസ് അവതരിപ്പിക്കുന്ന വിദ്യാർത്ഥിയും തമ്മിലുള്ള ശത്രുതയാണ് സിനിമയുടെ പ്രമേയം.
സ്കൂൾ കാല പ്രണയവും കലഹവും ഗൃഹാതുരതയുമൊക്കെ സിനിമ സംസാരിക്കുന്നുണ്ടെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഒരു പുതുമുഖമാണ് ചിത്രത്തിലെ നായിക.
അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ടി ജോൺ തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here