ആന്തൂരിലെ ആത്മഹത്യ; നഗരസഭയിലെ രണ്ടു ഉദ്യോഗസ്ഥരുടെ കൂടി മൊഴി ഇന്ന് രേഖപ്പെടുത്തും

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് നഗരസഭയിലെ രണ്ടു ഉദ്യോഗസ്ഥരുടെ കൂടി മൊഴി രേഖപ്പെടുത്തും. ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റേയും ബിജെപിയുടേയും യുവജന സംഘടനകൾ ഇന്ന് മാർച്ച് നടത്തും.
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയിലെ സസ്പെൻഷനിലായ ഓവർസിയർമാരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ഓവർസിയർമാരായ ടി.എ അഗസ്റ്റിൻ, ബി. സുധീർ എന്നിവരോടാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ നഗരസഭാ സെക്രട്ടറിയുടെയും, അസിസ്റ്റന്റ് എഞ്ചിനീയറുടെയും മൊഴികൾ ജില്ല പൊലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും ചേർന്ന് വിശദമായി പരിശോധിക്കും.
ഇവരുടെയെല്ലാം മൊഴികൾ പരിശോധിച്ച് ശേഷമേ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുകയുള്ളു. പി.കെ.ശ്യാമള സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് ഇന്ന് ആന്തൂർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തും. ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് യുവമോർച്ചയും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here