ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ നൽകുമെന്ന് പരാതിക്കാരി

പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ നൽകുമെന്ന് ബിഹാർ സ്വദേശിനിയായ യുവതി. ബിനോയ് നൽകിയിരിക്കുന്ന മുൻകൂർ മ്യഹർജി പരിഗണിക്കും മുൻപ് തെളിവുകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് നീക്കം. കേസ് ശക്തമാക്കാൻ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും കുടുംബം വ്യക്തമാക്കുന്നു.
ബിനോയ് നൽകിയ മുൻകൂർ ജാമ്യഹർജിയിൽ മുംബൈ ദിൻഡോഷി കോടതി ഇന്ന് വിധിപറയാനിരിക്കെയാണ് യുവതിയുടെ പുതിയ നീക്കം. ബിനോയിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിനം നിർണ്ണായകമാണ്. അതേസമയം, മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം ബിനോയിയെ അറസ്റ്റു ചെയ്യാനാണ് മുംബൈ പൊലീസിന്റെ നീക്കം. അഭിഭാഷകൻ വഴി നിഷേധിച്ച ഡിഎൻഎ ടെസ്റ്റിന് ബിനോയ് സന്നദ്ധനാകേണ്ടിവരുമെന്നും മുംബൈ പൊലീസ് അറിയിച്ചിരുന്നു.
ബിനോയ്‌ക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബിനോയ് രാജ്യം വിടാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ ഇന്നത്തെ ഹർജിയിൽ തീരുമാനമായ ശേഷമെ ഉണ്ടാകൂ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ്ക്കായുളള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here