ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച.
വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഭീകരവാദം നേരിടുക എന്നീ വിഷയങ്ങളിലെ സഹകരണം ഉറപ്പാക്കുന്നതിനാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇതിലാണ് ഹജ് ക്വാട്ട ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ ഈ വര്‍ഷം ഹജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് മോദി-സല്‍മാന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. ഇതില്‍ 48 ശതമാനം പേരും സ്ത്രീകളാണ്. 2,340ല്‍ കൂടുതല്‍ സ്ത്രീകളാണ് പുരുഷ അകമ്പടി ഇല്ലാതെ ഹജ്ജിന് പുറപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,180 പേരായിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം ആളുകള്‍ ഹജില്‍ പങ്കെടുക്കുന്നതെന്ന് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഈ വര്‍ഷം ഹജിന് സബ്‌സിഡിയുമില്ല. 21 പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം വിമാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം ആളുകള്‍ ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി മുഖേന പോകുമ്പോള്‍ വിവിധ ഹജ്ജ് സംഘടനകള്‍ വഴിയാണ് ബാക്കിയുള്ളവര്‍ യാത്ര തിരിക്കുന്നത്. ജൂലൈ നാലിന് ഡല്‍ഹി, ഗയാ, ഗുവാഹത്തി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഹജ്ജ് തീര്‍ഥാടകരേയും വഹിച്ചുള്ള ആദ്യ വിമാനങ്ങള്‍ മദീനയിലേക്ക് പുറപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here