തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയരാണോയെന്ന് കോടതി ചോദിച്ചു. അതേസമയം സ്വർണ കള്ളക്കടത്തും വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തെയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചു.
സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയർ ആണോയെന്ന് വിമർശിച്ച കോടതി കേസിൽ കസ്റ്റംസ് സൂപ്രണ്ടിൻറെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 83തവണ പ്രതികൾ വിമാനത്താവളം വഴി സ്വർണം കടത്തിയത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം സ്വർണ കള്ളക്കടത്തും വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തെയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുകയാണ്. അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം, വാഹനം അമിത വേഗത്തിലായിരുന്നോ, റോഡിലെ വെളിച്ചം എന്നിവ സംബന്ധിച്ചും പരിശോധന നടക്കുന്നു. ബാലഭാസ്കർ, പ്രകാശൻ തമ്പി, ഡോ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ അക്കൗണ്ട് വിവരങ്ങൾ, ബാലഭാസ്കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നിവ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here