Advertisement

പീരുമേട് കസ്റ്റഡി മരണം; പ്രതിയുടെ പോസ്റ്റുമോർട്ടം നടപടികളിലും വീഴ്ച

June 28, 2019
0 minutes Read

പീരുമേട് സബ് ജയിലിൽ കൊല്ലപ്പെട്ട റിമാൻഡ് പ്രതി രാജ്കുമാറിന്റെ പോസ്റ്റ്മാർട്ടം നടപടികളിലും വീഴ്ച. കസ്റ്റഡി മരണം പോലെ ഗൗരവമുള്ള കേസുകളിൽ പൊലീസ് സർജൻ ഉൾപ്പടെയുള്ള ഫോറെൻസിക് സംഘമാണ് പോസ്റ്റ്മാർട്ടം നടത്തേണ്ടത്. എന്നാൽ അസിസ്റ്റന്റ് പൊലീസ് സർജനും ബിരുദ വിദ്യാർത്ഥിയുമാണ് രാജ്കുമാറിനെ പോസ്റ്റുമാർട്ടം ചെയ്തത്. പൊലീസ് സർജൻ രഞ്ജു രവീന്ദ്രനുമായി ചർച്ച ചെയ്താണ് അന്തിമ പോസ്റ്റുമാർട്ടം റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഒരു എസ്പി അടങ്ങുന്നതാണ് അന്വേഷണസംഘം. ആവശ്യമെങ്കിൽ പൊലീസിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ ഉൾപ്പെടുത്താനും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് ഡിജിപി അനുവാദം നൽകി.

ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ്കുമാറിന്റെ സ്ഥാപനമായ തൂക്കുപാലത്തെ ഹരിത ഫിനാൻസിയേഴ്‌സിലും, പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ പ്രതിയുടെ വീട്ടിൽ എത്തി തൊടുപുഴ ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top