നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം അട്ടിമറിക്കാൻ ആദ്യ ഘട്ടത്തിൽ ശ്രമം നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ ആദ്യ ഘട്ടത്തിൽ ശ്രമം നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കസ്റ്റഡിയിൽ മർദ്ദിച്ചതിൽ പോലീസ് ഉന്നതനും പങ്കുണ്ട്. മർദനം നടന്നത് ഉന്നതന്റെ മേൽനോട്ടത്തിൽ ആയിരുന്നു. മർദ്ദിച്ച ഉദ്യോഗസ്ഥൻ കൊലപാതകം അന്വേഷിച്ച ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മർദ്ദനം നടന്നത് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. രാജ് കുമാർ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളിൽ പലതവണ ഇദ്ദേഹം നെടുങ്കണ്ടം സ്റ്റേഷനിൽ എത്തിയിരുന്നു.
പോലീസുകാർ മർദ്ദിക്കുന്നതിനിടയിൽ ഇദ്ദേഹം രാജ്കുമാറിനെ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. ഇതോടെ രാജ് കുമാറിന് ബോധം നഷ്ടപ്പെട്ടു. രാജ് കുമാറിന്റെ മരണത്തിനു ശേഷം ആദ്യം അന്വേഷണം നടത്തിയത് ലോക്കൽ പോലീസാണ്. അന്വേഷണ സംഘത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. പോലീസുകാർ മർദ്ദിച്ചിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനിലെ വിശ്രമമുറിയിലാണ് മർദ്ദനം നടന്നതെന്നും റിപ്പോർട്ടിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here