നെടുങ്കണ്ടം കസ്റ്റഡി മരണം; കസ്റ്റഡി മരണത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി; വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് വിഡി സതീശൻ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവർ പൊലീസ് സർവീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ് കുമാറിന് ചികിൽസ ലഭ്യമാക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയും അന്വേഷിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്, പൊലീസിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും ആരോപിച്ചു.
രാജ് കുമാറിനെ മർദിച്ചെന്നാരോപിച്ച് നാട്ടുകാർക്കെതിരെ കേസെടുക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വിഡി സതീശൻ ആരോപിച്ചു. പൊലീസിനെ കയറൂരി വിട്ടതിന്റെ ഫലമാണ് അനുഭവിക്കുന്നത്. എം.എം. മണിയെ ഇടുക്കിയിലെ പൊലീസ് മന്ത്രി ആക്കിയിട്ടുണ്ടോ എന്നും വി ഡി സതീശൻ ചോദിച്ചു.
പൊലീസിന്റെ വീഴ്ചകൾ തുറന്നു സമ്മതിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തെറ്റു ചെയ്ത പൊലീസുകാരെ ന്യായീകരിക്കുന്ന കാലം കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും എന്തു വിലയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പൊലീസ് പിടിയിലാകുന്നതിനു മുൻപ് രാജ്കുമാർ കോൺഗ്രസുകാരുടെ കസ്റ്റഡിയിൽ ആയിരുന്നെന്ന് മന്ത്രി എം എം മണി ആരോപിച്ചു. പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here