Advertisement

ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

July 2, 2019
0 minutes Read

ലൈംഗിക പീഡനപരാതിയില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. ഇന്നലെ ഉത്തരവ് പുറപ്പെടുവിപ്പിക്കാനിരുന്ന കോടതി പ്രതിഭാഗത്തിന്റെ കൂടി പുതിയ വാദങ്ങള്‍ കേട്ടശേഷമാകും ഇന്ന് വിധി പറയുക. പ്രതിഭാഗത്തോട് പുതിയ വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ ജാമ്യഹര്‍ജി ബിനോയ് കോടിയേരിക്ക് നിര്‍ണ്ണായകമാണ്.

പരാതി നല്‍കിയ ശേഷം കേസുമായി ശക്തമായി മുന്നോട്ട് പോകുന്ന യുവതി ഇന്നലെ അഭിഭാഷകന്‍ വഴി എഴുതി നല്‍കിയ വാദങ്ങളിലും ബിനോയിക്കെതിരെ അതിശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അഭിഭാഷകന്‍ നല്‍കുന്ന സൂചന. ബിനോയിക്ക് ജാമ്യം കിട്ടുന്ന സാഹചര്യം ഏത് വിധേനയും ഇല്ലാതാക്കുക എന്നതാണ് യുവതിയുടെ ലക്ഷ്യം. ജാമ്യം കിട്ടിയാല്‍ പ്രതി തെളിവുകള്‍ ഇല്ലാതാക്കുമെന്നും യുവതി പറയുന്നു. സാധാരണഗതിയില്‍ ലൈംഗിക പീഡനപരിതിയില്‍ വരുന്ന 376 നിലനില്‍ക്കേ ജാമ്യം കിട്ടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ യുവതിയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെടുത്തി ജാമ്യം നേടുകയാണ് പ്രതിഭാഗത്തിന്റെ ലക്ഷ്യം.

പ്രതിഭാഗം ഇന്ന് കോടതിക്ക് എഴുതി നല്‍കുന്ന വാദമുഖങ്ങളും ഈ സാധ്യതയ്ക്ക് കരുത്ത് പകരുന്ന രീതിയിലാകും. 376 നിലനില്‍ക്കില്ലെങ്കില്‍ ജാമ്യം ലഭിച്ചേക്കുമെന്ന് പ്രതിഭാഗം കരുതുന്നുണ്ട്. ജാമ്യം കിട്ടിയില്ലെങ്കില്‍ ബിനോയിയെ ഉടനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന മുംബൈ പൊലീസ് തീരുമാനമാണ് ബിനോയിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ജാമ്യം കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയെ ഉള്‍പ്പെടെ സമീപിക്കാനും ആലോചനയുണ്ട്. ജാമ്യം കിട്ടാതെ പൊലീസിന് മുന്നില്‍ കീഴടങ്ങേണ്ടെന്ന് തന്നെയാണ് ബിനോയിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top