മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവം; ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി കുടുംബാഗങ്ങളെ വിളിച്ചു വരുത്തി
മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉമ്മയടക്കമുള്ള ബന്ധുക്കളെ വയനാട് ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചു വരുത്തി. ജലീലിന്റെ ആസൂത്രിത കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ കളക്ടറോട് ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തില്‍ പൊലീസിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ജലീലിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കാന്‍ കോടതി വിസമ്മതിച്ചു.
വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട ശേഷം 125 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വോഷണത്തിന് സന്നദ്ധമായത്. സംഭവം ആസൂത്രിതമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്നും ചൂണ്ടിക്കാട്ടി ജലീലിന്റെ സഹോദരന്‍ സിപി റഷീദും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. വയനാട് ജില്ലാകളക്ടറാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായി ജീലിന്റെ ഉമ്മയടക്കമുള്ള 14 കുടുംബാംഗങ്ങളോട് കളക്ടറുടെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരില്‍ നാലു വര്‍ഷമായി പൂനെ ജയിലില്‍ കഴിയുന്ന സഹോദരനടക്കം 5 പേര്‍ എത്തിയില്ല. തങ്ങള്‍ക്ക് നീതിലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ കളക്ടറോട് ആവര്‍ത്തിച്ചു.
വൈകിയാണെങ്കിലും അന്വോഷണത്തിന് സന്നദ്ധമായതില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരന്‍ സിപി റഷീദ് പറഞ്ഞു. അതേ സമയം ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ അന്വേഷണം നടത്തണമെന്ന സഹോദരന്റെ പരാതി പരിഗണിച്ച കല്‍പറ്റ ജില്ലാ കോടതി സംഭവത്തില്‍ പ്രത്യേകം കേസെടുക്കാനാകില്ലെന്ന് അറിയിച്ചു. നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കള്‍ നല്‍കിയ ഈ പരാതിയും പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here