നാലാം സെഞ്ചുറിയും ഒരുപിടി റെക്കോർഡുകളും; രോഹിത് പുറത്ത്

ഈ ലോകകപ്പിലെ നാലാം സെഞ്ചുറി കുറിച്ച് രോഹിത് ശർമ മടങ്ങി. സൗമ്യ സർക്കാരാണ് രോഹിതിനെ പുറത്താക്കിയത്. 92 പന്തുകളിൽ 104 റൺസെടുത്ത രോഹിതിനെ സൗമ്യ ലിറ്റൻ ദാസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
29ആം ഓവറിലാണ് രോഹിത് സെഞ്ചുറി തികച്ചത്. ഷാക്കിബ് എറിഞ്ഞ ഓവറിലെ അവസാന ബോൾ സിംഗിൾ നേടിയായിരുന്നു രോഹിതിൻ്റെ സെഞ്ചുറി. 90 പന്തുകളിൽ സെഞ്ചുറി നേടിയ ശേഷം സൗമ്യ സർക്കാരിൻ്റെ അടുത്ത ഓവറിലെ ആദ്യ പന്ത് തന്നെ രോഹിത് ബൗണ്ടറി പായിച്ചു. തൊട്ടടുത്ത പന്തിൽ കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെയാണ് രോഹിത് പുറത്തായത്.
2015 ലോകകപ്പിൽ 4 സെഞ്ചുറിയടിച്ച മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാരയ്ക്കൊപ്പമാണ് നിലവിൽ രോഹിത്. സെഞ്ചുറിയോടെ രോഹിത് ഈ ലോകകപ്പിലെ ടോപ്പ് സ്കോറർമാരിൽ ഒന്നാമതെത്തി. ഒപ്പം, ഇന്ത്യയ്ക്കായി ലോകകപ്പിലെ ഏറ്റവുമുയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടും രോഹിത് രാഹുലിനൊപ്പം ചേർന്ന് പടുത്തുയർത്തി. രാഹുലിനൊപ്പം 180 റൺസ് ചേർത്ത ശേഷമാണ് രോഹിത് പുറത്തായത്. 2015 ലോകകപ്പിൽ അയർലൻഡിനെതിരെ രോഹിത്-ധവാൻ നേടിയ 174 റൺസായിരുന്നു മുൻപത്തെ റെക്കോർഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here