നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്; ന്യുമോണിയ ബാധിച്ചത് മർദ്ദനത്തെ തുടർന്ന്

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നാല് പൊലീസുകാർ പ്രതികളെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിൽ ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് പ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജൂൺ 12 ന് വൈകിട്ട് അഞ്ചുമുതൽ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ച് അതിക്രൂമായി മർദ്ദിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ ഇടുക്കി എസ്പിയിൽ നിന്ന് വിവരം ശേഖരിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എസ് പി യോട് ക്രൈം ബ്രാഞ്ച് സമയം ചോദിക്കും.
അറസ്റ്റിലായ മുൻ എസ് ഐ സാബു കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. സാബുവിനെ ഇന്ന് റിമാൻഡ് ചെയ്യും. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത .നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ ഇന്ന് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനും സബ് ജയിലും സന്ദർശിക്കും. ജയിൽ ഡിജിപി ഋഷിരാജ് സിങും ഇന്ന് പീരുമേട്ടിൽ എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here