നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അട്ടിമറിക്കാൻ എം.എം മണിയും ഇടുക്കി എസ്.പിയും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ

നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അട്ടിമറിക്കാൻ മന്ത്രി എം.എം മണിയും ഇടുക്കി എസ് പിയും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. പൊലീസിൽ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ നെടുങ്കണ്ടം സംഭവത്തിൽ കുറ്റക്കാർ സർവ്വീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ആവർത്തിച്ചു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തെപ്പറ്റി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഷാഫി പറമ്പിലാണ് സഭയിൽ മന്ത്രി എം.എം.മണിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
യുഡിഎഫ് ഭരണ കാലത്തെ കസ്റ്റഡി മരണങ്ങളുടെ പട്ടിക നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. ഹക്കീമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം സ്‌റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെ കേസെടുത്തുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഷാഫി പറമ്പിലിന് സംസാരിക്കാൻ ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ചുള്ള പ്രതിപക്ഷബഹളം സഭയെ അൽപ്പസമയം പ്രക്ഷുബ്ദമാക്കി. പൊലീസിലെ അച്ചടക്കം തകർന്നുവെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ മന്ത്രി തന്നെ ഇടപെടുകയാണെന്നും ആരോപിച്ച പ്രതിപക്ഷം തുടർന്ന് സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here