ഇത് ഇവരുടെ അവസാന ലോകകപ്പ്

ഇനിയൊരു ലോകകപ്പിൽ കാണാനിടയില്ലാത്ത ചില താരങ്ങൾ ഈ ലോകകപ്പിൽ കളിക്കുന്നുണ്ട്. ചിലരുടെ കര്യത്തിൽ അത് ഉറപ്പാണെങ്കിൽ മറ്റു ചിലർ ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്. അതിൽ ചിലരെപ്പറ്റി പറയാം.
1. എംഎസ് ധോണി (ഇന്ത്യ): ലോകകപ്പിനു ശേഷം ധോണി വിരമിച്ചേക്കുമെന്ന സൂചന ബിസിസിഐ നൽകിക്കഴിഞ്ഞതു കൊണ്ട് തന്നെ ഇനിയൊരു ലോകകപ്പിൽ അദ്ദേഹം ഉണ്ടാവില്ല. ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ നേട്ടങ്ങളുണ്ടാക്കിയ ക്യാപ്റ്റന്മാരിൽ ഒരാൾ എന്ന ലേബലുമായാണ് ധോണി പടിയിറങ്ങുക. ഐസിസിയുടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ഒരേയൊരു ക്യാപ്റ്റൻ. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാൾ. ടീം ഒന്നടങ്കം തകരുമ്പോഴും ഒറ്റക്ക് പൊരുതി വിജയിപ്പിച്ച എണ്ണം പറഞ്ഞ ഇന്നിംഗ്സുകൾ. ധോണിയെപ്പോലൊരു താരം ഇനി ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. അടുത്തിടെ ബാറ്റിംഗിൽ ഏറെ വിമർശനം ഏൽക്കേണ്ടി വരുമ്പോഴും ധോണി ചെയ്തു വെച്ചതിനെ മറന്നു കളയാൻ നമുക്കാവില്ല. ധോണിയുടെ പടിയിറക്കം ഒരു യുഗാന്ത്യമാകും.
2. ക്രിസ് ഗെയിൽ (വെസ്റ്റ് ഇൻഡീസ്): യൂണിവേഴ്സ് ബോസ് എന്ന ക്രിസ്റ്റഫർ ഹെൻറി ഗെയിൽ ക്രിക്കറ്റ് ഫീൽഡിൽ ഏറ്റവും ആഘോഷിക്കപ്പെട്ട താരമായിരുന്നു. എക്സ്പ്ലോസീവ് ഓപ്പണർ. സ്വന്തം ദിവസത്തിൽ ലോകത്തിലെ ഏത് ബൗളിംഗ് അറ്റാക്കിനെയും തച്ചു തകർക്കാൻ ശേഷിയുള്ള താരം. നിലവിൽ, ബ്രയാൻ ലാറയ്ക്കു പിന്നിൽ വിൻഡീസിനായി ഏറ്റവുമധികം റണ്ണുകൾ സ്കോർ ചെയ്ത താരം. ഇന്ത്യൻ പര്യടനത്തിൽ വെച്ച് ആ റെക്കോർഡ് സ്വന്തം പേരിലാക്കാൻ സാധ്യത. 20 വർഷങ്ങൾ നീണ്ട ബ്രഹത്തായ കരിയറാണ് അസ്തമയത്തിനൊരുങ്ങുന്നത്.
3. മുഹമ്മദ് നബി (അഫ്ഗാനിസ്ഥാൻ): അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ പിതാവെന്ന് നിസ്സംശയം വിളിക്കാൻ കഴിയുന്ന താരം. പാക്കിസ്ഥാനിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും തുടങ്ങിയ ക്രിക്കറ്റ് യാത്ര എത്തി നിൽക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ എന്ന ഇടത്തിൽ. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിനു വിത്തു പാകി മുളപ്പിച്ചെടുത്ത മുഹമ്മദ് നബിയാണ് അവരുടെ ആദ്യ ക്രിക്കറ്റിംഗ് ഇതിഹാസം. 34 വയസ്സായ നബി ഇനിയൊരു ലോകകപ്പിന് ഉണ്ടാവാൻ സാധ്യതയില്ല. രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ അദ്ദേഹം പടിയിറങ്ങിയേക്കും.
4. മുഷ്ഫിക്കർ റഹീം (ബംഗ്ലാദേശ്): ബംഗ്ലാദേശിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച താരം. സ്ഥിരതയാർന്ന മികച്ച ഇന്നിംഗ്സുകളിലൂടെ ബംഗ്ലാദേശ് ബാറ്റിംഗ് യൂണിറ്റിനെ ഒരു കാലത്ത് താങ്ങി നിർത്തിയിരുന്ന താരം. പൊക്കം കുറവാണെങ്കിലും പുൾ ഷോട്ടുകൾ കളിക്കുന്നതിലെ ആധികാരികത അദ്ദേഹത്തെ വളരെ നന്നായി ക്രോസ് ബാറ്റഡ് ഷോട്ടുകൾ കളിക്കുന്ന മികച്ച ഒരു ബാറ്റ്സ്മാനാക്കുന്നു.
5. റോസ് ടെയ്‌ലർ (ന്യൂസിലൻഡ്): ന്യൂസിലൻഡ് മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻ. ക്ലീൻ സ്ട്രൈക്കർ. ‘തുന്നിച്ചേർത്ത് ടെയ്‌ലർ’ എന്ന പത്ര തലക്കെട്ടുകൾ കൊണ്ട് ഒരു ജനതയുടെ ഗൃഹാതുരത അടയാളപ്പെടുത്തിയ താരം. പലപ്പോഴും ഒരു രക്ഷകൻ്റെ വേഷമണിഞ്ഞ ഒന്നാം തരം സ്ട്രോക്ക് പ്ലയർ. ഫീൽഡിലെ ചടുലത. റോസ് ടെയ്‌ലർക്ക് പകരം വെക്കാവുന്ന ഒരു യുവതാരം ഇനിയും അവർക്കുണ്ടായിട്ടില്ല എന്നത് വരും കാലത്ത് കനത്ത തിരിച്ചടിയാകും.
6. ഷൊഐബ് മാലിക്ക് (പാക്കിസ്ഥാൻ): ഏകദിന മത്സരങ്ങളിൽ പാക്കിസ്ഥാനു ലഭിച്ച ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻ. കരിയറിൽ 9000നു മുകളിൽ റൺസുകൾ. രണ്ട് പതിറ്റാണ്ടിലധികം നീണ്ട സുദീർഘമായ കരിയർ. സ്റ്റൈലിഷ് ബാറ്റ്സ്മാനും എഫക്ടീവായ ഓഫ് ബ്രേക്ക് ബൗളറും എന്ന റോൾ ഇക്കാലമത്രയും കൃത്യമായി ചെയ്തു. ഇന്ത്യക്കെതിരെയുള്ള വളരെ മികച്ച റെക്കോർഡ് ഷൊഐബിനെ അവിടെ വളരെ ജനകീയനാക്കി. 37 വയസ്സായ ഷൊഐബ് ലോകകപ്പോടെ വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വിരമിച്ചില്ലെങ്കിൽ പോലും ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല.
7. ഹാഷിം അംല (ദക്ഷിണാഫ്രിക്ക): ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാൾ. ടെക്നിക്കലി മികച്ച, ക്ലാസ് പ്ലയർ. കോലിക്കൊപ്പമോ കോലിയെക്കാൾ വേഗത്തിലോ ബാറ്റിംഗ് റെക്കോർഡുകൾ തകർത്തെറിഞ്ഞു കൊണ്ടിർന്ന സ്റ്റൈലിഷ് താരം. കരിയർ അവസാനത്തിലെ ഫോമില്ലായ്മ മൂലം ബഹുദൂരം പിന്നിലായെങ്കിലും ദക്ഷിണാഫ്രിക്കയുടെ ടോപ്പ് ഓർഡറിനെ 10 വർഷത്തിലധികമായി ചുമലിലേറ്റുന്ന അസാമാന്യ ബാറ്റ്സ്മാൻ. മികച്ച കൈക്കുഴ ഷോട്ടുകൾ കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിയ, വിരോധികളില്ലാത്ത ഒരു ക്രിക്കറ്റർ.
8. ലസിത് മലിംഗ (ശ്രീലങ്ക): യോർക്കർ കിംഗ്. ശ്രീലങ്കൻ പേസ് ബൗളിംഗ് വിഭാഗത്തെ കഴിഞ്ഞ 15 വർഷത്തിലധികമായി നയിക്കുന്ന താരം. അസാധാരണ ആക്ഷൻ കൊണ്ടും ബൗളിംഗ് വൈവിധ്യം കൊണ്ടും ശ്രദ്ധേയനായ താരം. ലോകത്തിലെ ഏറ്റവും മികച്ച ഷോർട്ടർ ഫോർമാറ്റ് ബൗളർമാരിൽ ഒരാൾ. പരിക്കുകൾ വലച്ചു കളഞ്ഞ കരിയർ. പരിക്കേൽക്കുന്നതു കൊണ്ട് തന്നെ വേഗതയിൽ നടത്തിയ വിട്ടുവീഴ്ച അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ കുറച്ചു കളഞ്ഞു. 35 വയസ്സ് പിന്നിട്ട മലിംഗ ഇനിയൊരു ലോകകപ്പിൽ കളിക്കില്ല.
ദിനേഷ് കാർത്തിക്, ഷാക്കിബ് അൽ ഹസൻ, ഫാഫ് ഡുപ്ലെസിസ്, ജെപി ഡുമിനി, ഇമ്രാൻ താഹിർ തുടങ്ങി ഇനിയും താരങ്ങൾ ബാക്കിയാണ്. ഇവരൊക്കെ സാധ്യതകളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here