നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ മറ്റ് പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ രണ്ട് പൊലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും. കേസിലെ ഒന്നും നാലും പ്രതികളായ എസ്.ഐ സാബു, സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാന്റിലാണ്. കേസിൽ ഇനി രണ്ടും മൂന്നും പ്രതികളായ പൊലീസുകാരാണ് അറസ്റ്റിലാകാനുള്ളത്. ഇവരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു കഴിഞ്ഞതായും അറസ്റ്റ് ഉടനുണ്ടായേക്കുമെന്നുമാണ് വിവരം.
സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് കസ്റ്റഡി മർദ്ദനത്തിൽ പങ്കുള്ളതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. അതേ സമയം ഹരിത ഫൈനാൻസിയേഴ്‌സിന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുകയാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥരെപ്പറ്റി കേസിലെ മൂന്നാം പ്രതി മഞ്ജുനടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here