Advertisement

യാക്കോബായ – ഓര്‍ത്തഡോക്‌സ് പ്രശ്‌നം നിലനില്‍ക്കുന്ന പുത്തന്‍കുരിശ് വരിക്കോലി പള്ളിയില്‍ ശവസംസ്‌കാരം നടത്തുന്നതില്‍ തര്‍ക്കം

July 8, 2019
1 minute Read

യാക്കോബായ – ഓര്‍ത്തഡോക്‌സ് പ്രശ്‌നം നിലനില്‍ക്കുന്ന പുത്തന്‍കുരിശ് വരിക്കോലി പള്ളിയില്‍ ശവസംസ്‌കാരം നടത്തുന്നതിനെ ചൊല്ലി തര്‍ക്കം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അധീനതയിലുള്ള പള്ളിയില്‍ സംസ്‌കാരം നടത്തുന്നതിനെ എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണമായത്. ഒടുവില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രഹസ്യമായി മൃതദേഹം സംസ്‌കരിച്ചു.

ചെമ്മനാട് സ്വദേശി യോഹന്നാന്‍ മരിച്ചതിനെ തുടര്‍ന്ന് വരിക്കോലി സെന്റ് മേരീസ് പളളിയില്‍ മൃതദേഹം അടക്കം ചെയ്യണമെന്ന് യാക്കോബായ വിശ്വാസികള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഈ പള്ളി ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അധീനതയിലാണ്. ഇവിടെ മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ ചേരണമെന്ന് അവര്‍ നിലപാടെടുത്തു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. ഇരുപക്ഷവും നിലപാടില്‍ ഉറച്ച് നിന്നതിനെ തുടര്‍ന്ന് മൂവാറ്റുപുഴ സബ് കലക്ടറുടെയും ഡിവൈഎസ്പിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.

എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല. തുടര്‍ന്ന് യാക്കോബായ ചാപ്പലില്‍ ശുശ്രൂഷ നടത്തിയ ശേഷം മൃതദേഹവുമായി വിശ്വാസികള്‍ പള്ളിയിലേക്ക് പോയി. എന്നാല്‍ ഗേറ്റിന് മുന്നില്‍ പൊലീസ് കാവല്‍ നിന്നതിനാല്‍ മൃതദേഹം പള്ളിക്ക് പിന്നിലുള്ള റബര്‍ തോട്ടത്തിലൂടെ രഹസ്യമായി സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോയി. വലിയ മതിലുകള്‍ ഉള്‍പ്പെടെ ചാടിക്കടന്നാണ് മൃതദേഹം സെമിത്തേരിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശുശ്രൂഷകള്‍ പോലും നടത്താതെ കല്ലറ പൊളിച്ച് സംസ്‌കാരം നടത്തുകയായിരുന്നു.

അതേ സമയം പൊലീസിന്റെ അറിവോടെയാണ് രഹസ്യമായ രീതിയില്‍ സംസ്‌കാരം നടത്തിയതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു. സഭാതര്‍ക്കത്തില്‍ വിധി നടപ്പാക്കാന്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹ സംസ്‌ക്കാരത്തെ ചൊല്ലി പല ഓര്‍ത്തഡോക്‌സ് പളളികളിലും സമാനമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതി വിധി വളച്ചൊടിക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്ന് യാക്കോബായ പക്ഷം ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top