സഞ്ജീവ് ഭട്ടിന് വേണ്ടി നിയമപോരാട്ടം നടത്താൻ ദീപിക സിംഗ് രജാവത്

ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് വേണ്ടി നിയമ പോരാട്ടം നടത്തുമെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്. കേസിൽ 110 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും ദീപിക ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സഞ്ജീവ് ഭട്ടിന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകൾ പഠിക്കാൻ താൻ അഹമ്മദാബാദിലേക്ക് പോകുമെന്നും അവർ വ്യക്തമാക്കി. കത്വയിൽ എട്ടുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൊന്നവർക്കെതിരെ നിയമപോരാട്ടം നടത്തിയ അഭിഭാഷകയാണ് ദീപിക സിംഗ് രജാവത്.
ന്യൂഡൽഹി പ്രസ്‌ക്ലബിൽ എൻ.സി.എച്ച്.ആർ.ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു ദീപിക സിംഗ് രജാവത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകൻ ശന്തനു ഭട്ടും പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ദീപിക ആഞ്ഞടിച്ചു. പറയുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും അത് പ്രവർത്തിച്ചു കാണിക്കുന്നതിലാണ് കാര്യമെന്നും അവർ പറഞ്ഞു. ഇത് മൻ കി ബാത്തിന്റെ സമയമല്ല. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കേണ്ട സമയമാണെന്നും ദീപിക പറഞ്ഞു.
രാജ്യത്ത് ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. ജനങ്ങളെ മർദ്ദിച്ച് കൊലപ്പെടുത്തുന്നു. ഒരാളെ അടിച്ചു കൊല്ലുമ്പോൾ അതിന്റെ വീഡിയോ നിർമിക്കുകയാണ്. അത് വൈറലാക്കി ജനങ്ങളിൽ ഭീതി നിറയ്ക്കുന്നു. രാജ്യത്ത് മോശമായ അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നത്. സത്യസന്ധരായവരെ അടിച്ചമർത്തുന്നു. സഞ്ജീവിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. അദ്ദേഹത്തിന് വേണ്ടി നിയമ പോരാട്ടം നടത്തും. കേസിൽ വിചാരണ കോടതി സഞ്ജീവ് ഭട്ടിന്റെ ഭാഗം കേട്ടിട്ടില്ല. അപ്പീൽ നൽകാനാണ് തീരുമാനമെന്നും ദീപിക കൂട്ടിച്ചേർത്തു.
30 വർഷം മുൻപുള്ള കസ്റ്റഡി മരണ കേസിൽ ജാംനഗർ സെഷൻസ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2002 ലെ ഗുജറാത്ത് കലാപം തടയാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ 2015 ൽ അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here