വീട്ടുവളപ്പിലും, മട്ടുപ്പാവിലും ജൈവ പച്ചക്കറി കൃഷി ചെയ്ത് കുട്ടികര്‍ഷകര്‍
വീട്ടുവളപ്പിലും, മട്ടുപ്പാവിലും ജൈവ പച്ചക്കറി കൃഷി ചെയ്ത് മാതൃകയാവുകയാണ് കോതമംഗലത്തെ ഈ കുട്ടികര്‍ഷകര്‍. അഞ്ചാം ക്ലാസ് കാരി അനീന യും രണ്ടാം ക്ലാസുകാരന്‍ അലനുമാണ് പഠനത്തോടൊപ്പം ജൈവ പച്ചക്കറി കൃഷിയിലും മികവ് കാട്ടുന്നത്.
പച്ച മുളക്, തക്കാളി, ചീര, പയര്‍, വെണ്ട തുടങ്ങി വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം മട്ടുപ്പാവിലും വീട്ടുവളപ്പിലുമായി നട്ടുവളര്‍ത്തിയിരിക്കുകയാണ് ഈ കുട്ടി കര്‍ഷകര്‍. ചേച്ചിയും അനിയനും ചേര്‍ന്നാണ് വെള്ളമൊഴിക്കുന്നതും പരിപാലിക്കുന്നതുമടക്കമുള്ള ദൈനംദിന പരിപാലനനം ഏറ്റെടുത്ത് നടത്തുന്നത്. രാവിലെയും വൈകിട്ടും വളരെ കൃത്യതയോടെ അത് നിര്‍വഹിക്കും. സ്‌കൂള്‍ വിട്ട് വന്നാല്‍ യൂണിഫോം പോലും മാറാന്‍ മെനക്കെടാതെയാണ് ഇവര്‍ കൃഷിയിടത്തിലേക്കെത്തുന്നത്.
മട്ടുപ്പാവില്‍ നൂറോളം ഗ്രോബാഗുകളാണ് തയ്യാറാക്കിയത്. ബാഗുകളില്‍ മണ്ണു നിറക്കാനും തൈകള്‍ നടാനും മാതാപിതാക്കളും ഇവര്‍ക്കൊപ്പം കൂട്ടായുണ്ട്. പറിച്ചെടുക്കുന്ന പച്ചക്കറി വിഭവങ്ങള്‍ വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും പങ്കുവക്കുന്നതിനും കുട്ടികളാണ് മുന്‍കൈയെടുക്കുന്നത്.
തുടര്‍ന്നും കൃഷി വിപുലമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോതമംഗലം കുന്നേല്‍ സിജോ – ഷൈനി ദമ്പതികളുടെ മക്കളായ അനീന എസ് കുന്നേലും ക്ലാസുകാരന്‍ അലന്‍ എസ് കുന്നേലും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here