എൽപി, യുപി ഘടനാ മാറ്റം അംഗീകരിച്ച് ഹൈക്കോടതി; ഒന്ന് മുതൽ അഞ്ച് വരെ ഇനി എൽപി വിഭാഗം; ആറ് മുതൽ എട്ട് വരെ യുപി വിഭാഗം

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വേണമെന്ന് ഹൈക്കോടതി. എൽ.പി ക്ലാസുകള്‍ ഒന്ന് മുതൽ അഞ്ച് വരെയും യു.പി ആറ് മുതൽ എട്ട് വരെയുമാണ് പുനഃക്രമീകരിക്കേണ്ടത്. നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.
കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് നിലവില്‍ എല്‍.പി ഒന്ന് മുതൽ നാല് വരെയും യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയിൽ സ്കൂൾ അപ്ഗ്രഡേഷൻ നടത്തണം. എല്‍പി വിഭാഗം ഒന്നു മുതൽ അഞ്ച് വരെയും യുപി ക്ലാസുകള്‍ ആറ് മുതൽ എട്ട് വരെയും വേണമെന്ന വിദ്യാഭ്യാസ നിയമത്തിലെ ഷെഡ്യൂൾ പാലിക്കണമെന്നതിനാൽ എയ്ഡഡ് സ്കൂളുകളിൽ അഞ്ചാം ക്ലാസും എട്ടാം ക്ലാസും കൂട്ടിച്ചേർക്കാൻ അനുമതി നിഷേധിക്കരുതെന്ന് ഫുൾബെഞ്ച് വ്യക്തമാക്കി. ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് സമീപ സ്കൂളുകളിൽ സൗജന്യ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്നതാണ് വിദ്യാഭ്യാസ നിയമവും ചട്ടവും കൊണ്ട് ലക്ഷ്യമിടുന്നത്.
ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്കുളുകൾ ഒരു കിലോമീറ്ററിനും ആറ് മുതൽ എട്ട് വരെയുള്ളവ മൂന്ന് കിലോമീറ്ററിനകത്തും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അപ്ഗ്രഡേഷന് വരുന്ന ചെലവ് വഹിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച്
നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here