കേരള വർമ കോളേജ് പ്രിൻസിപ്പൽ രാജിവെച്ചു

എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ശ്രീ കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ ഡോ എ പി ജയദേവൻ രാജിവെച്ചു. ക്യാമ്പസിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തതും, ഫീസ് നിരക്കിലെ തർക്കങ്ങളുമാണ് രാജിയിൽ കലാശിച്ചത്. പ്രിൻസിപ്പൽ തങ്ങളോട് മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമായും രണ്ട് വിഷയങ്ങളാണ് പ്രിൻസിപ്പലും എസ്എഫ്‌ഐ യൂണിയനും തമ്മിലുള്ള തർക്കത്തിനും രാജിയിലും കലാശിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ക്യാമ്പസിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബോർഡുകൾ വിവാദമായതിനെത്തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് നീക്കിയിരുന്നു. മൂന്ന് എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ അറസ്റ്റും തുടർന്നുണ്ടായി. രണ്ടാമതായി ഒരു വിദ്യാർത്ഥിക്ക് കോളേജിൽ പ്രവേശനം അനുവദിക്കാതിരുന്നതും എസ്എഫ്‌ഐ പ്രിൻസിപ്പൽ പോരിന് കാരണമായി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റൊരു കോളേജായ ശ്രീ വിവേകാനന്ദയിൽ നിന്നുള്ള വിദ്യാർത്ഥി കേരള വർമ്മയിലെത്താൻ താൽപര്യമറിയിച്ചിരുന്നു. എന്നാൽ ഇത്തരം സ്ഥലംമാറ്റം പ്രോത്സാഹിപ്പിക്കേണ്ടെന്നുമുള്ള നിലപാടാണ് കോളേജ് കൗൺസിൽ സ്വീകരിച്ചത്.
ഇതോടെ തുടർച്ചയായി തങ്ങളെ അപമാനിക്കുന്ന പ്രിൻസിപ്പൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടും രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും ഫീസ് കൂടുതൽ വാങ്ങിയെന്ന് ആരോപിച്ചും യൂണിയൻ പ്രിൻസിപ്പലിനെതിരെ സമരമാരംഭിച്ചു. തുടർന്നാണ് ഡോ. ജയദേവൻ രാജിവെച്ചത്. എസ്എഫ്‌ഐ നേതൃത്വവുമായി രമ്യതയിൽപ്പോകണമെന്ന ഉപദേശമാണ് പ്രിൻസിപ്പലിന് കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചത്. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ എകെപിസിടിഎയിലും ഡോ ജയദേവൻ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇതാണ് പെട്ടെന്നുള്ള രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് അധികൃതർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here